Thursday, February 24, 2011

ലിവിംഗ് ടുഗതര്‍ (Living Together): ഫാസിലിന്റെ പതനം


മലയാളത്തിന് മഹത്തായ സിനിമകള്‍ സമ്മാനിച്ച ഒരു മഹാന്റെ സിനിമ, എനിക്ക് ഏഴരാണ്ടശനി തലയില്‍ പൂത്തു നിന്നപ്പോള്‍ കാണാന്‍ പോകണമെന്നു തോന്നി. പോയി. ബാല്‍ക്കണി ടിക്കറ്റ് എടുത്ത് മുകളില്‍ കയറി നോക്കിയപ്പോള്‍ ഞട്ടിപ്പോയി. ഞാനുള്‍പ്പടെ അഞ്ചുപേര്‍. പടംതുടങ്ങി ഇടവേളയായപ്പോള്‍ തിയേറ്ററിനുള്ളില്‍ ഇരിക്കുന്നവര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും നോക്കാനൊരു മടി. മൂന്നാംകിട നീല സിനിമകള്‍ കാണാന്‍ പോയിട്ട് തലയില്‍ മുണ്ടിട്ടിറങ്ങി വരുന്ന ആ ഗതികേട് മനസ്സിലോര്‍ത്തുകൊണ്ടാണ് സിനിമതീര്‍ന്നപ്പോള്‍ ഇറങ്ങിയത്. പക്ഷേ ദൈവം രക്ഷിച്ചു. നല്ല മഴ. റോഡിലെങ്ങും ആരുമില്ല. 

ലിവിംഗ് ടുഗതര്‍. ഇതാണ് ആ സംഭവത്തിന്റെ പേര്. സംവിധായകന്‍ ഫാസില്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ അനിയത്തിപ്രാവ് വരെ (ഇതാണ് ഫാസിലിന്റെ സുവര്‍ണ കാലഘട്ടമായി കണക്കാക്കുന്നത്) നമ്മള്‍ കണ്ടതൊക്കെ ഇദ്ദേഹത്തിന്റെ സംവിധാന ഫലങ്ങളായിരുന്നോ എന്ന് ചിന്തിപ്പിക്കുന്ന സിനിമ (സിനിമയാണോ എന്ന് ഉറപ്പിച്ചു ചോദിക്കരുത്. ചിലപ്പോള്‍ അല്ലെന്ന് പറയേണ്ടി വരും). കഥയും തിരക്കഥയും സംവിധാനവുമൊക്കെ പുള്ളി തന്നെ ആയതിനാല്‍ പ്രവര്‍ത്തിച്ചവരാരേയും കൂട്ടത്തില്‍ ചേര്‍ത്ത് തെറിവളിക്കാനും പറ്റില്ല. പിന്നെയുള്ളത് പാവം നിര്‍മ്മാതാവ് പിലാക്കണ്ടി കാക്ക. ശവത്തില്‍ കുത്തി വേദനിപ്പിച്ചിട്ട് ഒരു കാര്യവുമില്ല. 

അഭിനയിക്കുന്നവര്‍ ആരായാലും അവരെക്കൊണ്ട് അഭനയിപ്പിക്കുന്നവനാണ്  സിനിമയുടെ യഥാര്‍ത്ഥ സൃഷ്ടാവ്. ധാരാളം പുതുമുഖങ്ങളെ സ്റ്റാറാക്കി ഉയര്‍ത്തിയിട്ടുള്ള കൈകളുമാണ് ഫാസിലിന്റേത്. പക്ഷേ, ആ കാര്യങ്ങളൊന്നും ഇപ്പോള്‍ ഈ പടം കണ്ട ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. തുടങ്ങിക്കഴിഞ്ഞത് തീര്‍ന്നുകിട്ടാന്‍ മാര്‍ഗ്ഗമില്ലാതെ സംവിധായകനും പ്രേക്ഷകരും ഒരു പോലെ വിഷമിച്ചത് ഈ അടുത്തകാലത്ത് ഈ സിനിമയില്‍ മാത്രമേ കാണൂ.

കഥ പറയാനൊന്നും ഈ സിനിമയില്‍ ഒന്നുമില്ല. കൊച്ചുമകളുടെ പ്രേമം പ്രോത്സാഹിപ്പിക്കുന്ന (അതും ഒന്നല്ല, ഒരുപാടെണ്ണം) മുത്തച്ഛനും അദ്ദേഹത്തിന്റെ മക്കളും മലയാളികള്‍ക്ക് പുതിയ ഒരു അനുഭവം സമ്മാനിക്കുന്നു. നെടുമുടിവേണുവും മകനായി അഭിനയിക്കുന്ന ഇന്നസെന്റും ഇനി ഈ സിനിമ കണ്ടു നോക്കണം. ഇരുന്ന ഇരിപ്പില്‍ നിങ്ങള്‍ ഉരുകിപ്പോകും. ഹേമന്‍, ബാവ, നിരഞ്ജന്‍ എന്നീ വേഷങ്ങളിലഭിനയിക്കുന്ന പുതുമുഖങ്ങള്‍ (അവര്‍ ആരായാലും (അതില്‍ നിരഞ്ജനായി അഭിനയിക്കുന്ന പയ്യനാണ് പുതിയ രതിനിര്‍വേദത്തിലെ നായകന്‍ എന്നു കേട്ടു)- വിരോധം കൊണ്ടു പറയുകയല്ല, അതല്ല എനിക്ക് ചിലപ്പോള്‍ ഈ പടം കണ്ടിട്ട് തോന്നിയതാകാനും മതി- നിങ്ങള്‍ക്ക് പറ്റിയ പണിയല്ലിത്. 

ബോറടിപ്പിക്കുന്ന പ്രേമകഥയില്‍ തുടങ്ങി ഭീതി പടര്‍ത്തുന്ന (എന്ന് ഫാസില്‍ ചുമ്മ വിശ്വസിക്കുന്ന) പ്രേതകഥയില്‍ എത്തിനില്‍ക്കുമ്പോള്‍ കണ്ടിരിക്കുന്നവര്‍ കൂവാന്‍ പോലും ആകാതെ നാക്കുതാണ് ഉമിനീരുവറ്റി ഇരിക്കുന്നുണ്ടാകും. നായികയായി അഭിനയിക്കുന്ന ശ്രീലേഖ മുമ്പ് കേരള കഫേയില്‍ അഭിനയിച്ച കുട്ടിയാണെന്ന് തോന്നുന്നു. ഒന്നോ രണ്ടോ ആല്‍ബങ്ങളിലും കണ്ടിട്ടുണ്ട്. പക്ഷേ, മോഹന്‍ലാല്‍, ശങ്കര്‍, പൂര്‍ണ്ണിമാ ജയറാം, അമല, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങളെ മലയാളത്തിന് സമ്മാനിച്ച ആ വ്യക്തിത്വം ഈ കൊച്ചിനെ നിയന്ത്രിക്കാന്‍ പോലുമാകാതെ നിശ്ചലനായി പോയെന്ന് തോന്നുന്നു. അതല്ലെങ്കില്‍ ശ്രീലേഖ പുള്ളിക്കാരനോട് പറഞ്ഞു- ഞാന്‍ അഭിനയിക്കും. താന്‍ കണ്ടോണ്ടിരുന്നാല്‍ മതിയെന്ന്. 

വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു. നോക്കത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ പ്രേമം ഇളക്കിമറിച്ചത് പ്രേക്ഷകന്റെ മനസ്സിനെയാണ്. അതുപോലെ മാമാട്ടി കുട്ടിയമ്മയും, സൂര്യപുത്രിയും, പപ്പയുടെ സ്വന്തം അപ്പൂസും തൊട്ടുണര്‍ത്തിയതും ഇതേ പ്രേക്ഷക മനസ്സിനെയാണ്. മണിച്ചിത്രത്താഴിലൂടെ മനസ്സിന്റെ സംഭ്രമികതയുടെ ഏറ്റക്കുറച്ചിലുകള്‍ അവതരിപ്പിച്ച് ഞട്ടിപ്പിക്കുകയും അനിയത്തിപ്രാവിലൂടെ പ്രേമത്തിന്റെ ആത്മനൊമ്പരങ്ങള്‍ കുടുംബത്തിന്റെ നൊമ്പരങ്ങളാക്കി മാറ്റിയതും ഈ ഫാസില്‍ തന്നെയാണ്. പക്ഷേ, കൈവിട്ടകളിയായി പോയി ഈ സിനിമ. മധുമുട്ടിത്തിന്റയും സിദ്ധിക്ക് ലാലിന്റെയും പ്രിയദര്‍ശന്റെയും സിബിമലയിലിന്റെയുമൊക്കെ തണലിന്റെ കീഴിലായിരുന്നോ ഫാസിലിന്റെ വാസം എന്ന് ഇപ്പോള്‍ സംശയം മതാന്നിത്തുടങ്ങിയിരിക്കുന്നു. 

പുതുമുഖങ്ങളുടെ അഭിനയം, പിള്ളേരല്ലേ പോട്ടേന്ന് വയ്ക്കാം. പക്ഷേ , ഈ മുതിര്‍ന്ന താരങ്ങള്‍ ഈ സിനിമയില്‍ കാിച്ചു കൂട്ടുന്നത് എന്തുമാതിരിയാണെന്ന് ഒരു എത്തുംപിടിയും കിട്ടുന്നില്ല. പ്രേമത്തിനുവേണ്ടിയുള്ള എന്തക്കയോ മത്സരങ്ങള്‍ നടക്കുന്നു. ആരോ ജയിക്കുന്നു. ആരക്കയോ തോല്‍ക്കുന്നു. അതിനിടയ്ക്ക് ബാംഗ്ലൂരില്‍ നിന്ന് കുറ്റിയും പറിച്ചോണ്ട് ഒരു വില്ലന്‍- സത്യമൂര്‍ത്തി. നായികയും നായകനും പ്രേമിച്ച് ഒരു കരയെത്തുമ്പോള്‍ (ഇതാണ് പ്രേമം) കുറുകെ വരുന്ന ജാതകദോഷം. ഒടുവില്‍ കല്ല്യാണം കഴിക്കാതെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ പറയുന്ന വാക്ക്- ലിവിംഗ് ടുഗതര്‍ (രക്ഷപ്പെട്ടു. സിനിമയ്ക്ക് പേര് കിട്ടി). വീണ്ടും പ്രശ്‌നങ്ങള്‍. ഒടുവില്‍ കല്ല്യാണം കഴിഞ്ഞ് ആറുമാസം പിരിഞ്ഞ് ജീവിക്കാനുള്ള തീരുമാനം (എന്തിന്? കഥയില്‍ ചോദ്യമില്ല). ഒടുവില്‍ ജാതകദോഷം മാറണമെങ്കില്‍ റേപ്പ്, റേപ്പ് എന്ന് നാഴികയ്ക്ക് നാലപ്പത് വട്ടം പറഞ്ഞുകൊണ്ട് നടക്കുന്ന വില്ലന്‍ സത്യമൂര്‍ത്തി മരിക്കണമെന്ന വിചിത്രമായ ന്യായം. സിനിമ കാണാന്‍ പോകുന്നവര്‍ ഉറക്കഗുളിക ഒന്നോ രണ്ടോ കൈയില്‍ വച്ചിരുന്നാല്‍ കൊള്ളാം. 

മേനകയുടെ തിരിച്ചുവരവ് എന്തായാലും ഈ സിനിമ വഴി വേണ്ടായിരുന്നു. ഇനിയൊന്നും പറയുന്നില്ല. സിനിമ കണ്ട് സ്ഥലകാല ബോധം നഷ്ടപ്പെട്ടു പോയതുകൊണ്ടാണ് റിവ്യൂ താമസിച്ചു പോയത്. കാണണമെന്നാഗ്രഹമുള്ളവര്‍ തീര്‍ച്ചയായും സിനിമ പോയി കാണണം. നമ്മുടെ പിലാക്കണ്ടി കാക്കയെ ഓര്‍ത്തെങ്കിലും. 

കുറിപ്പ്: 
വില്ലന്റെ മുന്നില്‍ ചെന്ന് കരയുന്ന സഹവില്ലന്‍: ''അളിയാ വാടാ. നമുക്ക് ഡിഅഡിക്ഷന്‍ സെന്ററില്‍ പോകാം. നിന്റെ മയക്കുമരുന്നുപയോഗം മാറ്റാം.''
വില്ലന്‍: ''നോ, എനിക്ക് അവളെ റേപ്പ് ചെയ്യണം. അതിന് നീ സഹായിക്കണം. അതുകഴിഞ്ഞ് നമുക്ക് ഡിഅഡിക്ഷന്‍ സെന്ററില്‍ പോകാം.''
സഹ വില്ലന്‍: ''ശരി സഹായിക്കാം. പക്ഷേ അതുകഴിഞ്ഞ് നീ മയക്കുമരുന്ന് ഉപയോഗിക്കരുത്''
വില്ലന്‍: ''ഇല്ല''

വിലാപം: കൊലയും ചോരയും കണ്ട് അറപ്പുമാറിയ സഹവില്ലന് മെയിന്‍ വില്ലനോട് തോന്നിയ ആ മനുഷ്യത്വമുണ്ടല്ലോ- അതുപോലും ഫാസിലിന് നമ്മള്‍ പ്രേക്ഷകരോട് തോന്നിയില്ലല്ലോ ശിവനേ.....

4 comments:

 1. മോശെ ആന്‍ഡ്‌ കാറ്റ്‌ കാണാതെ രക്ഷപെടുകയായിരുന്നു
  വിസ്മയ തുമ്പത് കണ്ട അന്ന് മുതല്‍ ഫാസിലിന്റെ പോക്കിനെ കുറിച്ച ആധിയായിഉര്ന്നു
  മറ്റൊരു മാരക സാഹസത്തില്‍ നിന്ന് രക്ഷിച്ചതിന് നന്ദി
  ഇനി പോസ്റ്റര്‍ വെട്ടത് നിന്ന് പോലും ഒഴിഞ്ഞു നടന്നോളാം
  ഫാസിലിന്റെ creativity ക്ക് ആരാ മണിച്ചിത്ര താഴിട്ടത് അആവോ

  ReplyDelete
 2. ഇല്ല നടേരി. ഫാസിലിന്റെ ക്രിയേറ്റിവിറ്റി ആരും മണിച്ചിത്ര പൂട്ടിട്ടു പൂട്ടിയിട്ടില്ല. ഇത്രയൊക്കെയേ ഉള്ളൂ അദ്ദേഹത്തിന് സ്വന്തമായിട്ട്. സിദ്ധിക്ക്‌ലാല്‍മാര്‍ അസിസ്റ്റാന്റായിരുന്നപ്പോള്‍ അദ്ദേഹം നല്ല പടം ചെയ്തിട്ടുണ്ട്. അത് ആരുടെ കഴിവാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. അതുപോലെ മണിച്ചിത്രത്താഴ്. അത് ഒരിക്കലും ഫാസിലിന്റെ കഴിവല്ല. ആ പാവം മധു മുട്ടത്തിന്റെ തിരക്കഥയുടെ കഴിവണ്. ആ പാവപ്പെട്ടവന്‍ പോലുമറിയാതെയല്ലേ ആപ്തമിത്രയും ചന്ദ്രമുഖിയുമൊക്കെ ഇന്ത്യയൊട്ടുക്കുമോടിയത്. ഇനിയെങ്കിലും എല്ലാവര്‍ക്കും മനസ്സിലാകുമല്ലോ ഈ ഫാസില്‍ വെറും പടമാണെന്ന്. (ഫാസില്‍ മാത്രമല്ല, എല്ലാ സ6ഭവങ്ങള്‍ എന്നു പറയുന്ന സംവിധായകന്‍മാരും രക്ഷപ്പെടുന്നത് നല്ല തിരക്കഥ കൊണ്ടു തന്നെയാണ്.)

  ReplyDelete
 3. അസിസ്റ്റണ്റ്റ്‌ ഡയറക്ടര്‍മാരുടെ സംഭാവനകളെപ്പറ്റിപ്പറയുന്നത്‌ വിശ്വസിക്കേണ്ടി വരുന്നു... പക്ഷേ എന്നാലും, ഫാസില്‍ ഇങ്ങനെ? കഷ്ടം

  ReplyDelete
 4. Fazilum Poyi, Rajasenanum Poyi..

  ReplyDelete