Monday, February 28, 2011

രതിചേച്ചിയുടെ ടൈം

പപ്പുവിന്റെ രതിചേച്ചിക്ക് ശ്വേതാ മേനോന്റെ രൂപം കിട്ടിയെന്ന് പറഞ്ഞുകേട്ടുതുടങ്ങിയിട്ട് കുറച്ചുനാളായി. നേരില്‍ കാണണമെങ്കില്‍ രതിനിര്‍വ്വേദം ഇറങ്ങണം. ഷൂട്ടിങ്ങൊക്കെ ഏകദേശം ആയിക്കഴിഞ്ഞു. ഉടനെ ഇറങ്ങും എന്ന് അമ്മാവന്‍മാര്‍ നാട്ടിന്‍പുറത്തെ ചായക്കടയിലൊക്കെ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. (ഇക്കാര്യത്തില്‍ യുവാക്കളെക്കാള്‍ താല്‍പ്പര്യം അവര്‍ക്കാണ്). ഒരു തലമുറയെ ആകെ കുളിരില്‍ ആറാടിച്ച ആ വിസ്മയത്തിന്റെ പുതിയ പതിപ്പ് ഒന്നു കണ്ടിട്ട് ചത്താലും വേണ്ടില്ലെന്ന നിലപാടിലാണ് വിസകിട്ടിയിട്ടും ടിക്കറ്റ് ഓക്കെയാകാതെ വെയ്റ്റിംഗില്‍ ഇരിക്കുന്ന ചില മുത്തശ്ശന്‍മാര്‍. 

അന്നു സിനിമ കണ്ടവര്‍ എന്തൊക്കെ മറന്നു പോയാലും രതിചേച്ചിയുടെ കിടപ്പും അപ്പോള്‍ ധരിച്ചിരിക്കുന്ന അരഞ്ഞാണവും മറക്കില്ല. അതുതന്നെയാണ് അന്നത്തെ യുവാക്കളും ഇന്നത്തെ അപ്പൂപ്പന്‍മാരുമായ പ്രജകളുടെ പ്രതീക്ഷയും. അതിനെയൊക്കെ ശരി വയ്ക്കുന്ന രീതിയിലാണ് സിനിമകളുടെ അണിയറക്കാരുടെ നീക്കങ്ങള്‍. ഒടുവില്‍ കേള്‍ക്കുന്ന വാര്‍ത്ത ഈ സിനിമയില്‍ പപ്പുവിന്റെ രതിചേച്ചി അണിയുന്ന അരഞ്ഞാണം 25 പവന്റേതാണ്. അത് സ്‌പോണ്‍സര്‍ ചെയ്യുന്നതോ, കേരളത്തിലെ സ്വര്‍ണ്ണ 'ഭീമ'ന്‍മാരും. ഭീമജൂവലേഴ്‌സിന്റെ ഈ ഇരുപത്തിയഞ്ച് പവന്‍ പ്രഖ്യാപനം കേരളത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും അന്‍പത് പവന്റെ മാല കളഞ്ഞുകിട്ടിയാലുള്ള സന്തോഷമാണ് കൊടുത്തിരിക്കുന്നത്. (സ്ത്രീകള്‍ക്ക് സന്തോഷം ഇല്ല കേട്ടോ. അവര്‍ക്ക് അസൂയയേ ഉള്ളൂ. അല്ലെങ്കിലും അങ്ങനയല്ലേ വരൂ)

32 വര്‍ഷം പഴക്കമുള്ള ഡിസൈനാണ് ഭീമ ഇതിനുവേണ്ടി തിരഞ്ഞെടുത്തതെന്നാണ് പറയുന്നത്. അരഞ്ഞാണം മാത്രമല്ല, ഇനി വേറെ വല്ല ആഭരണങ്ങളും ചേച്ചി ധരിക്കുന്നുണ്ടെങ്കില്‍ അതും നല്‍കുന്നത് ഭീമ തന്നെയാണ്. ഇനി അറിയാനുള്ളത് ഷൂട്ടിംഗ് കഴിഞ്ഞ് ഈ ആഭരണങ്ങള്‍ ഭീമ തിരികെ വാങ്ങുമോ എന്നാണ്. 

ഇപ്പോഴെ ആലപ്പുഴ ജില്ല മുഴുവന്‍ ഷൂട്ടിംഗ് നടക്കുന്ന കായംകുളത്തും മാവേലിക്കരയിലുമായി കേന്ദ്രീകരിച്ചിരിക്കുന്നു എന്നാണ് കേള്‍ക്കുന്നത്. സമീപ പ്രദേശങ്ങളില്‍ ഒരു പേപ്പട്ടി ഇറങ്ങിയാല്‍ പോലും തല്ലിക്കൊല്ലുവാന്‍ ആളില്ലാത്ത സ്ഥിതിയാണ്. പത്മരാജന്റെ കഥയെ പുതിയ കാലഘട്ടത്തിലേക്ക് പറിച്ചു നട്ടുള്ള ഒരു പരീക്ഷണമാണ് നിര്‍മ്മാതാവ് സുരഷ്‌കുമാര്‍ നടത്തുന്നത്. ഒരു നീലത്താമര പറിച്ചു നട്ടിട്ട് വാടിപ്പോയതിന്റെ വിഷമം കുറേശ്ശെ തീര്‍ന്നു വരുന്നേയുള്ളൂ. കുഴപ്പമില്ല. രതിചേച്ചി രക്ഷപ്പെടുത്തുമെന്ന് വിശ്വസിക്കാം. 

കുറിപ്പ്: പടത്തിന് ആളു ഇടിച്ചു കയറിയേനെ, സംവിധായകന്റെ പേര് വല്ല ജയദേവനോ, ജോയി എന്നോ മറ്റോ വച്ചിരുന്നെങ്കില്‍. ഇത് രാജീവ് കുമാറല്ലേ. ഇതിനെയും ഇട്ട് ഇഴപ്പിക്കുമോന്നാ പേടി. പപ്പുവിന്റെ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അവിടെ വച്ച് നിര്‍ത്തി പപ്പുവിന്റെ മാമന്റെ മോന്റെ കഥപറയാന്‍ പോകുന്ന ആളാ.

1 comment: