Sunday, February 27, 2011

നാടകമേ ഉലകം (Nadakame Ulakam) ഒണ്ടാക്കിക്കളഞ്ഞ പടം


ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ പ്രേക്ഷകരെ കൊന്നു തിന്നുകൊണ്ടിരിക്കുന്ന മലയാള സിനിമകളുടെ ഇടയില്‍ (ട്രാഫിക്ക് ഒഴിച്ച്) ആശ്വാസത്തിന്റെ ഒരു നേര്‍ത്ത കുളിര്‍കാറ്റ് വീശിയതുപോലയാണ് 'നാടകമേ ഉലകം' എന്ന സിനിമയുടെ ആദ്യ പകുതി കണ്ടപ്പോള്‍ തോന്നിയത്. വളരെക്കാലത്തിനുശേഷം കണ്ട, ചെറിയ ചെറിയ തമാശകളും ഒഴുക്കുള്ള കഥയുമൊക്കെയായി ഒരു ഗ്രാമീണ ചിത്രമെന്ന തൊന്നലുളവാക്കിക്കൊണ്ടുള്ള ഒരു കൊച്ചു പടം. പക്ഷേ തലയില്‍ എഴുതിയിരക്കുന്നത് മൊട്ടയടിച്ചാലും പോകില്ലല്ലോ? അതുപോലെയായി രണ്ടാം പകുതി. 


ഒന്നാം പകുതിയുടെ ചെറിയ ഒരു ഓര്‍മ്മപോലും അവശേഷിപ്പിക്കാതെ, ചിത്രത്തെ തകര്‍ത്ത് കയ്യില്‍ കൊടുത്തു സംവിധായകന്‍. അനാവശ്യമായി കുത്തിനിറച്ച തമാശകളും സെന്റിമെന്‍സുമൊക്കെകൊണ്ട് പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന ഘട്ടം വരെ ചിത്രം എത്തുന്നുണ്ട്. എന്നിരുന്നാലും ഇതിന് മുമ്പിറങ്ങിയ ലിവിംഗ് ടുഗതറിനും പയ്യന്‍സിനും തവരതമ്യപ്പെടുത്താന്‍ കഴിയാത്ത വിധത്തില്‍ ഉയരത്തില്‍ നില്‍ക്കുന്നു ഈ ചിത്രം. അത് ഈ പടം മികച്ചതായതുകൊണ്ടല്ല. മറ്റു പടങ്ങള്‍ േമാശമായതുകൊണ്ടാണ്. 

രണ്ടു പതിറ്റാണ്ടായി മലയാള സിനിമയുടെ രണ്ടാം നിര ചിത്രങ്ങളിലെ സജീവ സാന്നിദ്ധ്യമാണ് മുകേഷും ജഗദീഷും. ആ ഒരു കോമ്പിനേഷന്‍ തന്നെയാണ് സംവിധായകന്‍ ഇവിടെയും പരീക്ഷിച്ചിരിക്കുന്നത്. 1990 കളില്‍ ജഗദീഷിനെയും സിദ്ദിക്കിനെയുമൊക്കെ വച്ച് സിനിമയെടുത്ത് വിജയിപ്പിച്ചിട്ടുള്ള സംവിധായകനായ വിജി തമ്പി ഇടക്കാലത്ത് തീര്‍ത്തും മങ്ങിയ അവസ്ഥയിലായിരുന്നു. മുന്‍പ് ചെയ്തിട്ടുള്ള നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, ജേര്‍ണലിസ്റ്റ്, അദ്ദേഹം എന്ന ഇദ്ദേഹം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് തുടങ്ങിയ ഫാമിലി ത്രില്ലര്‍ സിനിമകളായിരുന്നു അദ്ദേഹത്തിനെ കുടുംബസദസ്സുകള്‍ക്ക് പ്രിയങ്കരനാക്കിയത്. 1996 ലെ കുടുംബകോടതി കഴിഞ്ഞാല്‍ കുറച്ചൊരു ഇടവേളയ്ക്ക് ശേഷം 2000 ലെ സത്യമേവ ജയതേ എന്ന ആക്ഷന്‍ ത്രില്ലറിലാണ് അദ്ദേഹത്തെ നമ്മള്‍ കണ്ടത്. പക്ഷേ അതുകഴിഞ്ഞ് സംവിധാനം ചെയ്ത പടങ്ങള്‍ എല്ലാം ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് വീഴുന്ന കാഴ്ചയാണ് കണ്ടത്. (ഏപ്രില്‍ ഫൂള്‍ പോലുള്ള ചിത്രങ്ങള്‍ എന്തുകൊണ്ട് പരാജയപ്പെട്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇതുപോലെ കഥയും കാമ്പും വാലുമൊക്കെയുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടോ? വിവരമില്ലാത്ത മലയാളികള്‍). അതില്‍ നിന്നും തല്‍ക്കാലം ഒരു രക്ഷപ്പെടലിന് നിമിത്തമാകുമായിരുന്ന ഒരു സിനിമയാണ് സംവിധായകന്റെയും തിരക്കഥയുടെയും പാളീച്ചമൂലം തിയേറ്ററുകളില്‍ ശ്വാസം മുട്ടിപ്പിടയുന്നത്. 

പോക്കരങ്ങാടി എന്ന ഗ്രാമത്തിലെ കലയെ സ്‌നേഹിക്കുന്ന സഹകരണ ബാങ്ക് മാനേജരായ ഓമനക്കുട്ടന്‍ (മുകേഷ്) നാട്ടില്‍ നിലയും വിലയുമുള്ള സോഷ്യലിസ്റ്റ് കുമാരന്റെ (ബാബു നമ്പൂതിരി) മകനാണ്. ഒരു സഹോദരനും സഹോദരിയും (വിനുമോഹന്‍, സോനാ നായര്‍) ഓമനക്കുട്ടനുണ്ട്. സഹോദരിയുടെ ഭര്‍ത്താവും രാഷ്ട്രീയക്കാരനുമായി സലീംകുമാറും അഭിനയിക്കുന്നു. ഓമനക്കുട്ടന്‍ നാട്ടിലെ പണക്കാരനായ ലംബോധരന്‍പിള്ളയുടെ (ജഗതി) മകള്‍ ഉഷയെ (സരയൂ) കല്ല്യാണം കഴിച്ച് ഭാര്യവീട്ടിലാണ് താമസം. ലംബോധരന്‍ പിള്ളയ്ക്ക് മരുമകനെ അത്രയ്ക്കങ്ങ് പോര. പക്ഷേ ഓമനക്കുട്ടന്‍ ലംബോധരന്‍ പിള്ളയെ വകവയ്ക്കുകയുമില്ല. ഈ ലംബോധരന്‍ പിള്ളയാണ് ബാങ്കിലെ പ്രസിഡന്റ്. ഓമനക്കുട്ടന്റെ അച്ഛന്‍ കുമാരന്‍ സെക്രട്ടറിയും. 

എല്ലാവര്‍ഷവും ബാങ്ക് വാര്‍ഷികത്തിന് നാടകം അവതരിപ്പിക്കുന്ന ഓമനക്കുട്ടന്‍ സഹായിയായി അഭിനയിക്കുന്ന ജഗദീഷിന്റെ സഹായത്തോടെ ഈ വര്‍ഷവും അതിനൊരുങ്ങുന്നു. പക്ഷേ നായികയെ കിട്ടുന്നില്ല. അപ്പോഴാണ് ഗ്രാമത്തിലെ പാല്‍ക്കാരി മില്‍മ ഗിരിജയുടെ (ബിന്ദുപണിക്കര്‍) മകള്‍ ശരണ്യ മോഹന്‍ തയ്യാറായി എത്തുന്നത്. ഈ പെണ്‍കുട്ടി ഓമനക്കുട്ടന്റെ അനുജനുമായി സ്‌നേഹത്തിലാണ്. സ്വന്തം അമ്മാവനെ വില്ലനാക്കിയുള്ള നാടകമാണ് ഓമനക്കുട്ടന്‍ അവതരിപ്പിക്കുന്നത്. ഈ നാടകം കണ്ട പാറശ്ശാല പവനന്‍ (സുരാജ് വെഞ്ഞാറമൂട്) എന്ന സുപ്രസിദ്ധ സംവിധായകന്‍ ഓമനക്കുട്ടനെ വച്ച് ഒരു സിനിമ എടുക്കുവാന്‍ തീരുമാനിക്കുകയും ആ പടം ഓമനക്കുട്ടന്‍ തന്നെ നിര്‍മ്മിക്കണമെന്ന് അപേക്ഷിക്കകയും ചെയ്യുന്നു. 5 ലക്ഷം രൂപയ്ക്ക് പടം തീര്‍ത്തുകൊടുക്കാം എന്ന ഒരു ഓഫറും ഇദ്ദേഹം കൊടുക്കുന്നു. ഇതില്‍ വീഴുന്ന ഓമനക്കുട്ടന്‍ സിനിമ നിര്‍മ്മിക്കാന്‍ ഇറങ്ങിത്തിരിക്കുകയും അവസവനം കുത്തുപാളയെടുക്കേണ്ടി വരികയും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് വിജി തമ്പി മനസ്സിലാവുന്ന ഭാഷയില്‍ പറയാന്‍ ഉദ്ദേശിച്ചത്. പക്ഷേ എത്രയൊക്കെ ചിന്തിച്ചിട്ടും ചില കാര്യങ്ങള്‍ നമ്മുടെ മനസ്സില്‍ കയറുന്നില്ല. 

സിനിമയിലെ അഭിനേതാക്കളായ ജനാര്‍ദ്ദനന്‍, കെ.പി.എ.സി. ലളിത, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ക്കൊക്കെ വെറും കാഴ്ചക്കാരായി നില്‍ക്കേണ്ട ആവശ്യമേ വന്നിട്ടുള്ളൂ. ഒന്നാം പകുതിയുടെ ബോറ് ജഗദീഷായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ അത് സുരാജ് ഏറ്റെടുക്കുന്നു. രണ്ടാം പകുതിയിലും ജഗദീഷ് ബോറടിപ്പിക്കുന്നുണ്ടെങ്കിലും അത് സുരാജിന്റയത്ര വരാത്തതുകൊണ്ട് ഫീല്‍ ചെയ്യുന്നില്ല. 

1990 കളില്‍ മലയാള സിനിമ പറഞ്ഞിരുന്ന കുടുംബകഥകളുടെ ഒരു സങ്കരക്കൂട്ടാണ് ഈ പടവും. പക്ഷേ അന്നത്തെ തന്നെ ചേരുവകളെ ഇപ്പോഴും വിളമ്പിയാല്‍ കഴിക്കുന്ന കാര്യം പ്രയാസമാണ്. വിജി തമ്പിയായാലും ഫാസിലായാലും കാലത്തിനനുസരിച്ച് മുന്നോട്ടുപോകുന്നില്ല എന്നതാണ് സത്യം. വിജിതമ്പിക്ക് പറ്റിയ മേഖല സീരിയല്‍ രംഗം തന്നെയാണെന്ന് ഒരിക്കല്‍കൂടി രെളിയിച്ചു. പിന്നെ, പയ്യന്‍സും ലിവിംഗ് ടുഗതറുമൊക്കെ അടുത്ത തിയേറ്ററുകളില്‍ (കയറുന്ന) ആളുകളെ കൊന്നുകൊണ്ടിരിക്കുമ്പോള്‍ ഈ പടം രക്ഷപ്പെട്ടാലും അത്ഭുതപ്പെടാനില്ല. 


No comments:

Post a Comment