Friday, March 25, 2011

ബാദ്ധ്യതയായ ആഗസ്റ്റ് 15


ഒരു തലമുറയുടെ രോമാഞ്ചമായി മാറിയ 'ദ്രാണ 2010' എന്ന ചിത്രത്തിലൂടെ തന്റെ വീട് പോലും പണയപ്പെടുത്തേണ്ടി വന്ന ആരോമ മണിയുടെ നിസഹായത കണ്ട് ദ്രോണ ടീം (എ. കെ. സാജന്‍ ഒഴിച്ച്, പകരം എസ്.എന്‍. സ്വാമി) സൗജന്യ നിരക്കില്‍ ചെയ്തുകൊടുത്ത സിനിമയാണ് ആഗസ്റ്റ് 15 എന്നാണ് കേള്‍ക്കുന്നത്. ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ ഉയരുന്ന ചോദ്യം, ഇനി ഇതിന്റെ ബാദ്ധ്യത തീര്‍ക്കുവാന്‍ മണി എന്തു ചെയ്യേണ്ടിവരും എന്നതാണ്. 

പഴയ സിനിമയായ ആഗസ്റ്റ് 1 ന്റെ രണ്ടാം ഭാഗം എന്ന പേരിലാണ് ആഗസ്റ്റ് 15 വരുന്നത്. സമകാലികമായ കുറേ സംഭവങ്ങളൊക്കെ എടുത്ത് വച്ച് അവിടുന്നും ഇവിടുന്നുമൊക്കെ കുറേ സിനിമകളുടെ രംഗങ്ങളും മോഷ്ടിച്ച്, പാശ്ചാത്യ സിനിമകളോടുള്ള തന്റെ പ്രീതി ഇനിയും വിട്ടുമാറിയിട്ടില്ല എന്ന തെളിവും ബാക്കിവച്ച് എസ്.എന്‍. സ്വാമി തട്ടിക്കൂട്ടിയെടുത്ത തിരക്കഥയ്ക്ക് ഷാജികൈലാസ് ദ്രോണയില്‍ നാം കണ്ടതുപോലെ വിരസമായ സംവിധാനവും നല്‍കി പുറത്തിറക്കിയ സസ്‌പെന്‍സ് ത്രില്ലര്‍. സമീപകാല രാഷ്ട്രീയ സാഹചര്യങ്ങളെ പരമാവധി ചൂഷണം ചെയ്താണ് എസ്.എന്‍. സ്വാമി സസ്‌പെന്‍സ് സൃഷ്ടിക്കുവാന്‍ ശ്രമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തമ്മിലുള്ള ഏറ്റുമുട്ടല്‍പോലെ ചിത്രങ്ങളും ഡയലോഗുകളും പത്രങ്ങളിലെ പരസ്യങ്ങളില്‍ നിറയുമ്പോള്‍ ഇലക്ഷന്‍ പ്രമാണിച്ച് എന്തെങ്കിലുമൊക്കെ കാണാം എന്ന ചിന്തയുമായി സിനിമയ്ക്ക് കയറുന്ന പ്രേക്ഷകര്‍ വിഡികളായി മാറുന്നു. 

ഇവരുടെ പഴയ ചിത്രമായ ആഗസ്റ്റ് 1 നെ പുതിയ സഹചര്യവുമായി കൂട്ടിക്കലര്‍ത്തുമ്പോള്‍ ആഗസ്റ്റ് 15 ആയി മാറുന്നു. ഇത്രയെയുള്ളു ലളിതമായി കഥ പറഞ്ഞാല്‍. നയകന്‍ പഴയ മമ്മൂട്ടി. വില്ലനായി, അന്ന് സിനിമയില്‍ ക്യാപ്റ്റന്‍ രാജു മരിച്ചുപോയതുകൊണ്ട് പുതിയ ആളുവരുന്നു. വില്ലന്റെ സ്വാഭാവം, ലക്ഷ്യം, ബാക്ക് ഗ്രൗണ്ട് (അത് എന്തായാലും രണ്ട് സിനിമകളിലും വെളിപ്പെടുന്നില്ല) എല്ലാം ഒന്നുതന്നെ. ആകെക്കൂടി കണ്ടാല്‍ ആഗസ്റ്റ് 1 നെ നാലായിട്ട് വെട്ടിയിട്ട് ഒന്നുംകൂടി പുഴുങ്ങുയെടുത്തപോലുണ്ട്. 

ആഗസ്‌റ്് 1 എന്ന സിനിമയില്‍ മമ്മൂട്ടി ക്ലൈമാക്‌സ് സീനില്‍ മാത്രമാണ് എന്‍ഫീല്‍ഡ് ഉപയോഗിക്കുന്നത്. അതും സ്വന്തമല്ല. വേറൊരുത്തന്റേത് ഇരന്ന് വാങ്ങുന്നത്. ആ സീനിന്റെ സ്വാധീനമാകാം, ഈ സിനിമയില്‍ മമ്മൂട്ടിയുടെ ഔദ്യോഗിക വാഹനമായി എന്‍ഫീല്‍ഡ് മാറിയിരിക്കുന്നു. സഞ്ചരം മുഴുവന്‍ അതില്‍ തന്നെ. 

കേരള മുഖ്യമന്ത്രി വി.ജി. സദാശിവന്‍ (നെടുമുടി വേണു) ഹാര്‍ട്ട് അറ്റാക്ക് വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നിടത്താണ് സിനിമയുടെ ആരംഭം. പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ടു തട്ടിലാണെന്ന വാദം പരക്കേയുള്ള സമയമാണ്. പാര്‍ട്ടി സെക്രട്ടറി (സായ്കുമാര്‍) മുഖ്യനെ ആുപത്രയില്‍ സന്ദര്‍ശിക്കുവാന്‍ വരുമ്പോഴും മറ്റുമൊക്കെ മനപൂര്‍വ്വം പാര്‍ട്ടി സെക്രട്ടിറയാണ് വില്ലന്‍ എന്നൊരു തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സൂചന സംവിധായകനും തിരക്കഥാകൃത്തും പ്രേക്ഷകന് തരുന്നുണ്ട്. പക്ഷേ കുറ്റന്വേഷണ സിനിമകള്‍ സ്ഥിരം കാണുന്ന ആള്‍ക്കാരായത് കൊണ്ട് നമ്മളെ എളുപ്പം അതില്‍ വീഴ്ത്താന്‍ കഴിയില്ല എന്നതാണ് സത്യം. 

മുഖ്യമന്ത്രി രക്ഷപ്പെടുന്നു. പക്ഷേ ഹാര്‍ട്ട് അറ്റാക്കിന് കാരണം ഏതോ വിഷാംശം ഉള്ളില്‍ ചെന്നതാണെന്ന കണ്ടെത്തല്‍ പോലീസ് വൃത്തങ്ങള്‍ക്കിടിയില്‍ അമ്പരപ്പുണ്ടാക്കുന്നു. അതു കണ്ടെത്തുവാനാണ് പണ്ടത്തെ പെരുമാള്‍ വീണ്ടും അവതാരം എടുക്കുന്നത്. പോലീസിന്റെ ഭാഗത്തു നിന്നും സഹകരണം ആവശ്യത്തിനുണ്ട്. പക്ഷേ പാര്‍ട്ടിയോട് കൂറു കൂടിയ പീറ്റര്‍ സക്കറിയ (ലാലു അലക്‌സ്) പലപ്പോഴും ശല്യം സൃഷ്ടിക്കുന്ന കാഴ്ച സിനിമയില്‍ കാണാം. 

വില്ലനെയും (സിദ്ദിക്ക്) വില്ലനെ ഏര്‍പ്പെടുത്തിയവരേയും ആദ്യമേതന്നെ പ്രേക്ഷകന് സിനിമാക്കാര്‍ കാട്ടിത്തരുന്നുണ്ട്. അതിനാല്‍ സസ്പന്‍സ് എന്നൊന്നില്ല. മുഖ്യമന്ത്രി ആദ്യത്തെ അറ്റാക്കില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും പിന്നെയും ആക്രമിക്കപ്പെടും എന്ന് മമ്മൂട്ടിക്ക് മനസ്സിലാകുന്നു. അതിനെ തടയാനും കുറ്റവാളിയെ പിടിക്കാനുമുള്ള നീക്കങ്ങളാണ് ഈ സിനിമയുടെ ശേഷം. മമ്മൂട്ടിയുടെ ആഗ്രഹങ്ങളും പ്രതീക്ഷകളുമൊക്കെ എന്താണോ അതെല്ലാം സ്‌ക്രീനില്‍ കൂടി പ്രേക്ഷകന് കാണാനുള്ള ഭാഗ്യം വന്നിട്ടുണ്ട്. ആയതിനാല്‍ മമ്മൂട്ടി എങ്ങോട്ട് പോകുന്നോ ആ രീതിയില്‍ പ്രേക്ഷകനും സഞ്ചരിച്ചകൊടുത്താല്‍ മാത്രം മതി. 

വില്ലനായി അഭിനയിക്കുന്ന സിദ്ദിക്ക് പണ്ട് ബഡാ ദോസ്തില്‍ പ്രഛന്ന വേഷം അണിഞ്ഞ് ബോറടിപ്പിച്ചതുപോലെ ഈ സിനിമയിലും വേഷങ്ങളും ഓവര്‍ ആക്ടിംഗും ഉപയോഗിച്ച് കാണികളെ ശരിക്കും ബോറടിപ്പിക്കുന്നുണ്ട്. വില്ലന്‍ ഏത് രാജ്യക്കാരനാണെന്നോ ഒന്നും സിനിമയില്‍ അറിയില്ല (അത്രയ്ക്ക് ഭീകരനാണെന്ന് വരുത്തിതീര്‍ക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ട്രിക്കുകളാണവ). സൈക്കോ കില്ലറെന്നും നെട്ടോറിയല്‍സ് കില്ലെറെന്നുമൊക്കെ മമ്മൂട്ടി ഇടയ്ക്ക് വിശേഷിപ്പിക്കുന്നുമുണ്ട്. ഹോളിവുഡ് പടങ്ങളിലെ വില്ലത്തരം വളരെ വികൃതമായി കാണുവാനുള്ള ദൗര്‍ഭാഗ്യവും ഈ സിനിമയിലൂടെ ലഭിക്കുന്നു. വില്ലനെ ഏര്‍പ്പെടുത്തിയവര്‍ മണല്‍ മാഫിയക്കാരെന്നും, ലാന്റ് മാഫയക്കാരെന്നും, ലോട്ടറിക്കാരെന്നുമൊക്കെ കാണികളെ അറിയിക്കുവാനും മമ്മൂട്ടിയുടെ ഇടി കൊള്ളുവാനുമല്ലാെത സിനിമയില്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. 

നായികയാകുന്നത് യക്ഷിയും ഞാനും ഫെയിം മേഘ്‌നയാണ്. സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥയായ പെണ്‍കുട്ടിയായി വരുന്നുണ്ടെങ്കിലും ആദ്യം സംസാരത്തില്‍ മമ്മൂട്ടിയുമായി എന്തോ ചുറ്റിക്കളിയുണ്ടന്നു തോന്നുന്നു. ശേഷം വ്യക്തവുമല്ല. ജഗതി മുഖ്യമന്ത്രിയുടെ സഹചാരിയായി കൂട്ടിനുണ്ട്. പക്ഷേ ജഗതിയുടെ കഥാപാത്രം ഇല്ലായിരുന്നെങ്കിലും എന്തെങ്കിലും കുറവ് സിനിമയ്ക്ക് വരുമായിരുന്നു എന്ന് തോന്നുന്നില്ല. ക്ലൈമാക്‌സിലെ തീയേറ്ററിനുള്ളിലെ തീപിടുത്തം ബ്രാഡ് പിറ്റിന്റെ 'ഇന്‍ഗ്ലോറിയസ് ബാസ്റ്റര്‍ഡ്‌സ്' കണ്ടവര്‍ക്ക് മറക്കാനും കഴിയില്ല. 

പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കുമ്പോള്‍ പാലിക്കേണ്ട കുറച്ച് നിബന്ധനകള്‍ ഉണ്ട്്. അത് പാലിച്ചിരുന്നെങ്കിലും ഒരുവിധം മാന്യമായി സിനിമ കണ്ടുകൊണ്ടിരിക്കാമായിരുന്നു. പക്ഷേ അതുണ്ടാകുന്നില്ല. ഷാജികൈലാസും എസ്.എന്‍. സ്വാമിയുമൊക്കെ കാലത്തിന് അതീതരല്ലെന്ന് തെളിയിക്കുകയാണ് ഈ സിനിമയിലൂടെ. 

കുറിപ്പ്: മമ്മൂട്ടി അഭിനയിക്കുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥനായിട്ടാണ്. രണ്ടേകാല്‍ മണിക്കൂറിനിടയില്‍ എപ്പോഴെങ്കിലും ഒരു യൂണീഫോം ഇടുവിച്ചുകൊടുക്കാമായിരുന്നു. കണാനുള്ള കൊതി കൊണ്ടല്ല, മറിച്ച് പോലീസ് തന്നെ എന്ന് ഉറപ്പിച്ച് പ്രേക്ഷകനെ തോന്നിപ്പിക്കാന്‍ വേണ്ടി മാത്രം.

2 comments:

  1. രതീഷും പറഞ്ഞാല്‍ പിന്നെ ഉള്ളതായിരിക്കും അല്ലെ? ഷാജി കൈലാസ്‌ കുറെ ചരടുകളും കൂടി വാങ്ങി കെട്ടട്ടെ അരോമ മണീടെ പുതിയ ഹോട്ടല്‍ രമേശന്‍ കണ്ട്റാക്ക്‌ കൊണ്ടു പോകുമോ? എന്നാലും ഞാന്‍ പടം കാണും അത്റ ബോറാവില്ലെന്നു ഉറപ്പാണു എനിക്ക്‌

    ReplyDelete
  2. "December" Is a Wondrful Month
    "2Pray"
    "2Love"
    "2Care"
    "2Smile"
    "2Celebrate"
    &"2 Thank GOD"4 Evrthing!

    Advnc
    ''HAPPY CHRISTMAS"
    &
    NEW YEAR

    ReplyDelete