Wednesday, March 2, 2011

മാതാ'ശ്രീ' വീണ്ടും പൊങ്കാലയിടും


കാനാടി കുട്ടിച്ചാത്തന്‍, മഹാവീര പാതാള കാപ്പിരി മുത്തപ്പന്‍, ധനആകര്‍ഷണ ഭൈരവരയന്ത്രം , മൂലക്കുരുവിന് മൂന്നാം ദിവസം ആശ്വാസം, വിസിറ്റിംഗ് വിസയില്‍ ഗള്‍ഫില്‍ ജോലി എന്നിങ്ങനെ മലയാളിയുടെ നന്‍മയുദ്ദേശിച്ച് മാത്രം പ്രവര്‍ത്തിക്കുന്നവര്‍ നിരവധിയാണ്. വിശ്വാസികള്‍ക്കുമാത്രം ആശ്വാസം പകരുന്ന ഏര്‍പ്പാടായതിനാല്‍ 'കാര്യം' നടന്നില്ലെങ്കിലും കാശുപോയവര്‍ മാത്രമാണ് ഇത്തരക്കാര്‍ക്കെതിരെ രംഗത്തെത്തുന്നത്. എന്നാല്‍ കാര്യം നേടിയവരാരും ഇവര്‍ക്കനുകൂലമായി പറയാറുമില്ല.

എല്ലാറ്റിനും പിന്നില്‍ അമ്മയാണെന്ന് പലരും പറയാറുണ്ട്. ചിലര്‍ സ്വന്തം അമ്മയെക്കുറിച്ചാകും ഇങ്ങനെ പറയുക. ഇന്നത്തെ കാലത്ത് ആരെങ്കിലും അങ്ങനെ പറഞ്ഞാല്‍ സാധാരണ ഗതിയില്‍ നമ്മള്‍ കരുതും, സാക്ഷാല്‍ അമൃതാനന്ദമയിയെക്കുറിച്ചാകും ഈ പറയുന്നതെന്ന്.

ഇനി ഏതെങ്കിലും വിശ്വാസി അമൃതാനന്ദമയിയെക്കുറിച്ച് പറയുന്ന പക്ഷം, ശുദ്ധഹൃദയരൊക്കെ കരുതും സ്വന്തം മാതാശ്രീയെക്കുറിച്ചാകും ഇയാള്‍ വച്ചുകാച്ചുന്നതെന്ന്. അതുകൊണ്ട് സംഗതി അമ്മയെക്കുറിച്ചാണെങ്കില്‍ സൂക്ഷിച്ചേ മറുപടി പറയാവൂ. അതായത് തള്ളയെക്കുറിച്ച് പറഞ്ഞുവരുന്നവന്റെ തള്ളക്കുവിളി കേള്‍ക്കെണ്ടല്ലോ.

പറഞ്ഞുവന്നത് അമ്മമാരെക്കുറിച്ചാണ്. മക്കള്‍ക്കുവേണ്ടി അശാന്തിയോടെ പ്രവര്‍ത്തിച്ചുവരുന്ന മാതാശ്രീകള്‍ എല്ലാ രംഗത്തുമുണ്ട്. സിനിമ, സീരിയല്‍, ക്രിക്കറ്റ് എന്നിങ്ങനെ പണംവാരുന്ന എല്ലാരംഗത്തും പേരുകേട്ട മക്കളുടെ തള്ളമാര്‍ നിരവധിയാണ്. മക്കളുടെ ഉയര്‍ച്ചക്കായി എന്തും ചെയ്യും. ചിലര്‍ സിനിമക്ക് കൂവാന്‍ ആളെക്കയറ്റി വിടും. നാടുനീളെ ഫഌ്‌സ് പതിപ്പിക്കാനും ജയ് വിളിക്കാനും ഫാന്‍സുകാരെ സംഘടിപ്പിക്കും.

ചിലര്‍ക്ക് പ്രിയം കൂട്രോത്രമാണ്. മകളെ വേര്‍പിരിഞ്ഞ മരുമകന്റെ കണ്ണടിച്ചുപോകാന്‍, ടീമില്‍ പന്തെറിയാനിടം കിട്ടാത്ത മകനെ തിരിച്ചെടുക്കാന്‍ എന്നിങ്ങനെ പലതിനും പരിഹാരമിതു തന്നെ. കാര്യം നേടിയാല്‍ കോഴിത്തല കുഴിച്ചിട്ട സ്വാമി സ്വാഹ. പിന്നെ പുറംലോകം അറിയില്ല. അതായത് കാര്യം സാധിപ്പിച്ചുതന്നത് മുത്തപ്പനാണെന്ന് ഒരു ടിവി പരസ്യത്തിലും ഇവര്‍ വന്ന് പറയുകയുമില്ല.

പാവം കുട്ടിച്ചാത്തനും മുത്തപ്പനും. ഈ നിജസ്ഥിതി ചില പി.എസ്.സി. കോച്ചിംഗ് സ്ഥാപനങ്ങളെപ്പോലെ പടം വച്ച് പരസ്യപ്പെടുത്താനും വയ്യ. അങ്ങനെ കാവ്യയുടെ മോചനവും കുഞ്ഞാടിന്റെ വിജയവും പ്രവീണ്‍കുമാറിന്റെ പരിക്കും ശ്രീക്കുട്ടന്റെ പുന:പ്രവേശനത്തിനുമെല്ലാം കാരണമായവര്‍ പുറം ലോകമറിയാതെ പുറത്തായെന്ന് പറഞ്ഞാല്‍ മതിയല്ലോ...

മോന് ആദ്യകളിയില്‍ കയറിപ്പറ്റാനായെങ്കിലും പന്തിനി കൈകൊണ്ട് തൊടണേല്‍ ഒന്നുകൂടി പൊങ്കാല ഇടേണ്ട സ്ഥിതിയാണ്. ആറ്റുകാല്‍ വരെ ഒരുവരവൂടെ വരേണ്ടിവരുമെന്ന് സാരം. എല്ലാറ്റിനും പിന്നില്‍ അമ്മയാണെന്ന് (സ്വന്തം) ആരെങ്കിലും പറഞ്ഞാല്‍ ഇനി സംശയിക്കേണ്ടതുമില്ല.

No comments:

Post a Comment