Thursday, March 3, 2011

കല്യാണത്തിനും പെലവിളിക്കും തിരക്ക് കൂടുന്നു


കേരളത്തില്‍ കല്യാണത്തിനും പെലവിളിക്കും തിരക്ക് കൂടുന്നു. ബന്ധുക്കളെ മാത്രം പ്രതീക്ഷിച്ചിരുന്ന നൂലുകെട്ടുമുതല്‍ പ്രായമാകല്‍ ചടങ്ങില്‍ വരെ വന്‍ ജനപങ്കാളിത്തമാണ് അടുത്തിടെ മുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചില പ്രത്യേക കലങ്ങളില്‍ മാത്രം സംഭവിക്കുന്ന ഈ സാമൂഹിക വ്യതിയാനം കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും പൊതുവേ കാണുന്നുണ്ട്‌.

നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും പ്രവര്‍ത്തകരും സജീവമായി നാട്ടുകാരെ സേവിക്കാനിറങ്ങിയതാണ് ഇങ്ങനെയുള്ള തിരക്കുകള്‍ക്ക് വഴിവച്ചിരിക്കുന്നത്. പത്തോളം പരമ്പ് ചവിട്ടിക്കീറി ഇഹലോകവാസം അവസാനിപ്പിച്ചവരെ ഓര്‍ത്ത് വിലപിക്കാന്‍ ബന്ധുക്കളോടൊപ്പം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും മത്സരിക്കുന്ന കാഴ്ച മിക്കവാറുമുള്ള മരണവീടുകളില്‍ സ്ഥിരം കാഴ്ചയായിട്ടുണ്ട്. . വിളിക്കാത്ത സദ്യയ്ക്ക് ഉണ്ടില്ലേലും ഇലയിടാനും എടുക്കാനുമെല്ലാം വേറെ ആളെത്തേടേണ്ടി വരില്ലെന്നത് മലായാളിക്ക് ഒരു പരിധിവരെ ആശ്വാസം പകരുന്നു. രാഷ്ട്രീയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഈ പങ്കാളിത്തം വളരെ ചുരുങ്ങിയ കാലയളവില്‍ മാത്രം കണ്ടുവരുന്ന പ്രതിഭാസമായി നിരീക്ഷകര്‍ ആദ്യമേ വിലയിരുത്തിയിരുന്നു.

തോര്‍ത്തും കൈലിയുമുടുത്ത് സാധാരണക്കാരനായി അദ്ധ്വാനിക്കാന്‍ തയ്യാറായി മുന്നില്‍ നില്‍ക്കുന്നത് വിപ്ലവപാര്‍ട്ടിക്കാരാണ്. അദ്ധ്വാനിക്കാന്‍ തയ്യാറല്ലെങ്കിലും വെളുത്ത് ഉടയാത്ത വേഷത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന തങ്ങളുടെ പൗഡര്‍ കുട്ടപ്പന്‍മാര്‍ സ്ത്രീജനങ്ങളുടെ വോട്ടുനേടിത്തരുമെന്ന് വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്തായാലും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെയുള്ള പരിപാടികളില്‍ 'അരി' കൂടുതലിടാന്‍ വെപ്പുകാരോട് വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ഇഹലോകവാസം പൂകുന്നുവര്‍ക്ക്  എല്ലാ ജനപ്രതിനിധികളെയും നേരില്‍ കാണാന്‍ കഴിയുമെന്നത്, ചത്ത് അങ്ങ് ചെന്നാലും എന്നും മനസ്സിന് ആശ്വാസം പകരുന്ന ഒന്നായിരിക്കും. 

No comments:

Post a Comment