ഇനി വരുന്നത് നല്ലകാലം. കേരളത്തില്‍ തിങ്കള്‍ മുതല്‍ ഞായര്‍ വരെ സൂര്യനുദിക്കും. വിലക്കയറ്റം അപ്പാടെ ഇല്ലാതാകും. ലോണെടുത്തും കെട്ടുതാലിവിറ്റും ഇനി കഷ്ടപ്പെടേണ്ടി വരില്ല. കുടിയന്മാര്ക്കു പോലും ശുക്രന് തെളിയാനാണു സാധ്യത. കുടുംബം നോക്കണമെന്ന ബാധ്യത എഴുതിത്തള്ളും.
ജോലിയില്ലാത്തവര്‍ക്കും വി.ഐപികള്‍ക്കും, കൈയാമം ധരിക്കുന്നവര്‍ക്കും ശമ്പളവും പെന്‍ഷനും ലഭിക്കും. ശാരി, റജീന എന്നീ പേരുകളുള്ളവര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് ആ പേരുദോഷം മാറ്റണം.
കവിയൂര്‍, കിളിരൂര്‍, സൂര്യനെല്ലി, കോതമംഗലം എന്നീ സ്ഥലനാമങ്ങള്‍ പരിഷ്കരിക്കും. ഐസ്ക്രീം ഉത്പാദനവും വിതരണവും പൂര്‍ണമായും തടയും.
അഴിമതി എന്നു കേട്ടുകേള്‍വി പോലുമുണ്ടാവില്ല. സ്പെക്ട്രം, ആദര്‍ശ്, ലാവ്ലിന്, പാമോയില്‍, ഇടമലയാര്‍ എന്നീ വാക്കുകള്‍ക്ക് നിരോധനം വരും. ക്രമസമാധാനം പൂര്‍ണതോതില്‍ നടപ്പാകുന്നതോടെ അഭിഭാഷകര്‍ക്കും പോലീസുകാര്‍ക്കും ജോലിഭാരം കുറയും. ഇവരില്‍ പലര്‍ക്കും തസ്തികമാറ്റംനല്കും.
ഇത്രയൊക്കെ സംഭവിക്കാന്‍ എന്തുണ്ടായെന്നാകും? കേരളത്തിന്റെ വടക്ക് മുതല്‍ തെക്കുവരെ പദയാത്ര അല്ലായിരുന്നോ. മോചനയാത്ര, രക്ഷായാത്ര, വികസനയാത്ര... സാധാരണ പണിയൊന്നുമില്ലാത്ത പയലുകളാണ് രാവിലെ മുതല്‍ തെക്ക്വടക്ക് നടക്കുന്നത്. നമ്മുടെ രാഷ്ട്രീയപുംഗുവന്മാരും ആ വഴിക്ക് നടന്നു. ഒടുവില്‍ അവരും രക്ഷപ്പെട്ടെന്നു പറഞ്ഞാല്‍ മതിയല്ലോ. നടന്നുനടന്ന് ചാകുന്നതിനു മുമ്പ് യാത്ര തീര്‍ക്കാനായി.
വലതിന്റെ മോചനയാത്ര പനിച്ചുവിറച്ച് അവസാനിച്ചപ്പോള്‍ കാവിക്കാരുടെ കേരളരക്ഷാ യാത്ര നിരങ്ങി നിരങ്ങി സമാപിച്ചു. കഴിഞ്ഞ ദിവസം കോടിയേരിയുടെ വികസനയാത്രയുടെ കഥയും കഴിഞ്ഞു.
ഇനിയുള്ളത് ളാഹഗോപാലന്റെ സാധുജന മോചനയാത്രയാണ്. എവിടെയെത്തിയോ എന്തോ?. അതു കൂടി കഴിഞ്ഞാല്‍ എല്ലാ സാധുക്കളും ധനികരാകും. സോഷ്യലിസം പുലരും. വികസിച്ചു വികസിച്ചു കേരളം പിടിച്ചാല്‍ കിട്ടാത്ത നിലയിലാകും.
ടിവി, ഫ്രിഡ്ജ്, ഐസ്ക്രീം, ലാപ്ടോപ്പ്, സ്മാര്‍ട്സിറ്റി.... ഇങ്ങനെ പോകുകയാണെങ്കില്‍ കേരളം ഒരു യൂറോപ്പായി മാറുമെന്നതില്‍ ഒരു സംശയവും വേണ്ട. എന്താ വിജയാ... ഈ ബുദ്ധി നേരത്തേ തോന്നാതിരുന്നത്?
No comments:
Post a Comment