Saturday, March 5, 2011

ഈശന്‍ പ്രതീക്ഷ തെറ്റിച്ചു


എന്‍പതുകളില്‍ മധുരയിലെ യുവാക്കള്‍ക്കിടയില്‍ പൊതുവേയുണ്ടായിരുന്ന അക്രമവാസനയുടേയും അവയെ അനുബന്ധിച്ച് നടന്ന രാഷ്ട്രീയ മുതലെടുപ്പുകളുടേയും ചോരയില്‍ കുതിര്‍ന്ന പ്രണയത്തിന്റെയുമൊക്കെ കഥ പറഞ്ഞ് ഇന്ത്യയൊട്ടുക്കുമുള്ള പ്രേക്ഷകരെ മുഴുവന്‍ വിസ്മയിപ്പിച്ച സുബ്രഹ്മണ്യപുരത്തിന്റെ സംവിധായകന്‍ പി.ശശികുമാറിന്റെ രണ്ടാമത്തെ സംവിധാന സംരംഭം എന്ന നിലയില്‍ ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ചിത്രമാണ് ഈശന്‍. പ്രേക്ഷകര്‍ എപ്പോഴും ആദ്യചിത്രത്തിനെ അടിസ്ഥാനപ്പെടുത്തി ശേഷമുള്ള ചിത്രങ്ങള്‍ക്ക് മൂല്യമിടുന്നത് കൊണ്ടാകാം, അവരുടെ കണ്ണില്‍ സുബ്രഹ്മണ്യപുരത്തെ സംബന്ധിച്ച് ഒരു പരാജയമാണ് ഈശന്‍. 

പരുത്തിവീരനിലൂടെ തുടക്കമിട്ട ഗ്രാമീണ സിനിമാമേഖലയെ തമിഴ് മണ്ണില്‍ ഉറപ്പിച്ചുനിര്‍ത്തിയ ചിത്രം കൂടിയാണ് സുബ്രഹ്മണ്യപുരം. പക്ഷേ അതില്‍ നിന്നും തികച്ചം വ്യത്യസ്ഥമായി ഒരു നാഗരികതയുടെ അതിപ്രസരം സ്ഫുരിക്കുന്ന ചിത്രമാണ് ശശികുമാറില്‍ നിന്നും ഈശനിലൂടെ പുറത്ത് വന്നിരിക്കുന്നത്. പക്ഷേ അത് ആദ്യ ചിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമായി ഈ ചിത്രം മാറണമെന്നുള്ള ബോധപൂര്‍വ്വമായ ഒരു നീക്കത്തിന്റെ ഫലമാണെന്നു വ്യക്തമായും മനസ്സിലാകുന്ന ഒരു സഞ്ചാരമാണ് ഈ ചിത്രത്തിനുള്ളത്. പക്ഷേ എന്നിരുന്നാലും കാഴ്ചയുടേയും താരങ്ങളുടെ അഭിനയമികവിന്റെയും സുഖം ഈ ചിത്രം തീര്‍ച്ചയായും തരുന്നുണ്ട്. 

അഭിനയിക്കുന്ന ഭൂരിഭാഗം പേരും പുതുമുഖങ്ങള്‍ തന്നെയാണ്. പ്രണയത്തില്‍ ആരംഭിച്ച് ത്രില്ലറിലൂടെ സഞ്ചരിച്ച് പ്രതികാരത്തില്‍ അവസാനിക്കുന്ന ഒരു ആഖ്യാനശൈലിയാണ് ഈ ചിത്രത്തില്‍ കാണുന്നത്. നഗരജീവിതത്തിന്റെ അഗാതതയില്‍ പതിയിരിക്കുന്ന അപകടങ്ങളും ഗ്രാമവും നഗരവും തമ്മിലുള്ള മനുഷ്യത്വപരമായ വ്യത്യാസങ്ങളും ഈ സിനിമ നമുക്ക് കാട്ടിത്തരുന്നു. എന്നിരുന്നാലും നഗരജീവിതത്തിന്റെ അതിപ്രസരം ചിത്രത്തിന്റെ ഇടവേളവരെ പല സ്ഥലങ്ങളിലും ബോറടിപ്പിക്കുന്നുണ്ട്. 

കൂര്‍മ്മബുദ്ധിയുടെ ഉടമയായ ദേവനായകം (എ.എല്‍. അഴഗപ്പന്‍) എന്ന രാഷ്ട്രീയക്കാരന്റെ മകനാണ് ചെഴിയന്‍ (വൈഭവ്). നഗരജീവിതത്തിന്റെ ഇന്നത്തെ പ്രതിനിധിയായി ജീവിതം ആഘോഷിച്ചു ജീവിക്കുന്ന യുവത്വത്തിനുടമ. പബ്ബില്‍ വച്ചു കണ്ടുമുട്ടുന്ന രേഷ്മയുമായി (അപര്‍ണ്ണ) ചെഴിയന്‍ പ്രണയത്തിലാകുന്നു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിസിനസുകാരനും ധനികനുമായ ശിവരാജ് ഹെഗ്‌ഡേയുടെ മകളാണ് രേഷ്മ. ഈ പ്രണയം രണ്ടു വീടുകളിലും അറിയുന്നു. എന്നാല്‍ ശിവരാജിന് ഈ ബന്ധത്തിനോട് താല്‍പ്പര്യമുണ്ടാകുന്നില്ല. പക്ഷേ ദേവനായകത്തിന്റെ പണത്തിനോടുള്ള ആര്‍ത്തി തന്റെ മകന് രേഷ്മ ഏതുവഴിയും സ്വന്തമാകണമെന്നുള്ള തീരുമാനത്തിക്കുന്നു. അതിനുള്ള കരുക്കള്‍ നീക്കിയ ദേവനായകം ഒടുവില്‍ വിജയിക്കുകയും ചെയ്യുന്നു. 

പക്ഷേ ഈ അവസരത്തില്‍ ചേഴിയന്റെ സുഹൃത്ത് വിനോദ് ഒരു ബൈക്ക് അപകടത്തില്‍ പെടുന്നു. അന്നുരാത്രി പബ്ബില്‍ നിന്നും വീട്ടിലേക്ക് പോകാനിറങ്ങുന്ന ചേഴിയന് ഒരു ഫോണ്‍കോള്‍ വരുന്നു. ഫോണ്‍ ചെയ്തയാളിന്റെ നിര്‍ദ്ദേശമനുസരിച്ച് അയാള്‍ പറഞ്ഞ സ്ഥലത്ത് എത്തുന്ന ചേഴിയന്‍ ആക്രമിക്കപ്പെടുന്നു. അതിനുശേഷം അയാളെ കാണാതാവുന്നതോടെ കഥയില്‍ വഴിത്തിരിവുണ്ടാകുകയും അത് ത്രില്ലറിന്റെ വഴിയേ സഞ്ചരിക്കുകയും ചെയ്യുന്നു. സിനിമയുടെ ആദ്യം മുതല്‍ അസിസ്റ്റന്റ് കമ്മീഷണറായി പ്രേക്ഷകര്‍ക്ക് പരിചിതനായ ശങ്കയ്യ(സമുദ്രക്കനി)യാണ് ഈ കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കുന്നത്. രണ്ടു ദിവസത്തിനകം ആശുപത്രിയില്‍ കിടന്ന വിനോദും മരിക്കുന്നു. അത് പ്രാഥമികാന്വേഷണത്തില്‍ മരുന്നു മാറിക്കൊടുത്തതുമൂലമാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതോടുകൂടി ഈ കേസ് എത്രയും വേഗം തെളിയിക്കാന്‍ ശങ്കയ്യ നിര്‍ബന്ധിതനാകുന്നു. വിട്ടുപോയ കണ്ണികള്‍ കൂട്ടിയിണക്കിയും ഒളിഞ്ഞിരിക്കുന്നവ തേടിപ്പിടിച്ചുമുള്ള ആ യാത്ര ഒടുവില്‍ അവസാനിക്കുന്നത് ഈശന്‍ എന്ന 16 വയസ്സുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയിലാണ്. 

ആരാണ് ഈശന്? ചേഴിയന്‍ സംഭവത്തില്‍ അവന്റെ പങ്ക് എന്താണ് ? എന്താണ് അവന്റെ ഉദ്ദേശ്യം? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരംതേടലില്‍ ഇതള്‍ വിരിയുന്നത് പ്രതികാരത്തിന്റ മറ്റൊരു കഥയും അതിന്റെ പരിണിത രൂപങ്ങളുമാണ്. നാഗരികതയുടെ മുഖംമൂടി വലിച്ചുകീറുകയും അതിനിടയില്‍ പെടുന്ന ഗ്രാമീണതയുടെ നിസ്സഹായവസ്ഥയും വരച്ചിടുന്നതില്‍ ശശികുമാര്‍ ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു. 

നായിക നായക സങ്കല്‍പ്പങ്ങള്‍ ഈ സിനിമയില്‍ ഇല്ല. വേണമെങ്കില്‍ സമുദ്രക്കനിയെ ഒരു നായക വേഷത്തിലേക്ക് ഉയര്‍ത്താം. പക്ഷേ അതിലും പ്രാധാന്യം പടത്തിന്റെ ആദ്യസമയങ്ങളില്‍ വൈഭവിന് വരുന്നുണ്ട്. പക്ഷേ പടം ഇടവേളയോടടുക്കുമ്പോള്‍ കഥാപാത്രങ്ങളൊക്കെ നായകനാണോ വില്ലനാണോ എന്ന് പ്രേക്ഷകര്‍ക്ക് സംശയമുണ്ടാക്കുന്ന ഒരു ദുരൂഹത ശശികുമാര്‍ ചിത്രത്തില്‍ കൊണ്ടു വന്നിട്ടുണ്ട്. പക്ഷേ എന്നിരുന്നാലും ചിത്രം ആദ്യാവസാനം പരിശോധിക്കുമ്പോള്‍ മുഴച്ചുനില്‍ക്കുന്ന കുറച്ചുകാര്യങ്ങള്‍ സിനിമയില്‍ കാണാം. അതുതന്നെയാണ് ചിത്രത്തെ ബാധിക്കുന്ന ദോഷവശങ്ങളും. 

16 വയസ്സായ ഒരു വിദ്യാര്‍ത്ഥിക്ക് ചെയ്യാന്‍ കഴിയുന്ന പരിധിക്ക് അപ്പുറമുള്ള കാര്യങ്ങളാണ് ശശികുമാര്‍ ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. അതുപോലെ അവസാന രംഗങ്ങളില്‍ കുത്തിനിറച്ച വയലന്‍സും പ്രേക്ഷകന്റെ ആസ്വാദനത്തെ ചെറുതല്ലാത്ത തരത്തില്‍ ബാധിക്കുന്നുണ്ട്. സുബ്രഹ്മണ്യപുരവും വയലന്‍സിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള കഥപറച്ചില്‍ തന്നെയാണെങ്കിലും അതില്‍ നിന്നും വ്യത്യസ്ഥമായ ഒരു സാഹചര്യവും അവിടെനിന്നും മുന്നോട്ടോടിയ കാലവും ഇത് ഒരു ചോദ്യചിഹ്നമായി അവശേഷിപ്പിക്കുന്നു. 

കഥാപാത്രങ്ങള്‍ എല്ലാം അവരവരുടെ ഭാഗങ്ങള്‍ ഭംഗിയായി ചെയ്തിരിക്കുന്നു. പ്രധാന സ്ത്രീ കഥാപാത്രവും ഊമയുമായ അഭിനയയുടെ പ്രകടനം എടുത്തുപറയേണ്ടതുതന്നെയാണ്. നാടോടികളിലൂടെ അഭിനയ നമുക്ക് സുപരിചിതയാണ്. ഈ സിനിമയില്‍ ഊമയായ പെണ്‍കുട്ടിയുടെ വേഷത്തില്‍ തന്നെയാണ് അഭിനയ അഭിനയിച്ചിരിക്കുന്നത്. സമുദ്രക്കനിയും മലയാളികളുടെ പ്രിയ സംവിധായകന്‍ ബ്ലസിയും ചിത്രത്തില്‍ മികച്ചു നില്‍ക്കുന്നു. 

കഥയില്‍ പറയുന്ന സംഭവങ്ങളിലുള്ള വിശ്വാസക്കുറവും നഗരജീവിതത്തിന്റെ അമിതചിത്രീകരണവും ഒഴിച്ചാല്‍, സുബ്രഹ്മണ്യപുരത്തിന്റെ ഏഴയലത്തു വരില്ലെങ്കിലും, 'നല്ല ചിത്രം' എന്ന വിശ്വാസത്തില്‍ ഉറപ്പായും ഈ ചിത്രം കാണാം. കാരണം സുബ്രഹ്മണ്യപുരം ഒരു പക്ഷേ ഇറങ്ങിയില്ലെങ്കില്‍ ഈശന്‍ ഒരു ക്ലാസിക് പടമായിന്നു എന്ന് തീര്‍ച്ചയായും പ്രേക്ഷകര്‍ പറഞ്ഞേനെ. 

കുറിപ്പ്: ഇറങ്ങുന്ന മലയാള പടങ്ങളെപ്പറ്റിയെല്ലാം മോശം എന്നും വരുന്ന തമിഴ്പടങ്ങള്‍ എല്ലാം നല്ലതാണെന്നുമുള്ള നിരൂപണങ്ങള്‍ വായിച്ചു മടുത്തു. ഇത് സത്യം പറഞ്ഞാല്‍ മലയാളത്തോട് ചെയ്യുന്ന ക്രൂരതയല്ലേ?

അല്ല. മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ വിക്രിയകളും നമ്മള്‍ കാണാറുണ്ട്. പക്ഷേ തമിഴ്‌നാട്ടില്‍ ഇറങ്ങുന്നതില്‍ നല്ല പടങ്ങള്‍ മാത്രമേ കേരളത്തിലോട്ട് വരാറുള്ളൂ. ആ പടങ്ങളെ നമ്മള്‍ കാണാറുമുള്ളൂ. തമിഴില്‍ ഇറങ്ങുന്നവയില്‍ എന്‍പത് ശതമാനം പടങ്ങളും തനി കൂതറയാണെന്നതാണ് സത്യം. ആ പടങ്ങള്‍ നമുക്ക് കാണാന്‍ കഴിയാത്തതിനാല്‍ ഇറങ്ങുന്ന നല്ല സിനിമകളെ വച്ചാണ് മലയാള സിനിമയുമായി താരതമ്യം ചെയ്യുന്നത്. പിന്നെ നമുക്ക് പറഞ്ഞുനില്‍ക്കാന്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ കിട്ടുമ്പോള്‍ അവര്‍ക്ക് അത് പത്തോളമാകും എന്ന വ്യത്യാസവുമുണ്ട്. 

'കല്ലൂരി കാലങ്ങള് ' എന്ന സിനിമ കണ്ടു നോക്കണം. അപ്പോള്‍ മനസ്സിലാകും ലിവിംഗ് ടുഗതറൊക്കെ ഇവിടെ ഒന്നുമല്ലെന്ന്.

1 comment:

  1. ഈശന്‍ ഒരു ഡയറക്ടറുടെ പരാജയം തന്നെ, കഥ തിരിച്ചും മറിച്ചും ആകെ ഫോളോ ചെയ്യാന്‍ പറ്റാത്ത രീതിയില്‍ കണ്‍ഫ്യൂസിംഗ്‌ ആക്കി, പിന്നെ ബ്ളസ്സിയുടെ റോള്‍ വലിച്ചു നീട്ടി പടത്തിണ്റ്റെ ടെമ്പോ കളഞ്ഞു ബ്ളസിയുടെ അഭിനയം വളരെ ക്ര്‍ത്രിമം ആയിട്ടാണു എനിക്ക്‌ തോന്നിയത്‌, ഇണ്റ്റര്‍വല്‍ കഴിഞ്ഞു പടം ആകെ ഇഴഞ്ഞു നീങ്ങി ഈ ഫ്ളാഷ്‌ ബാക്ക്‌ കാരണം , ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്കു വരുന്ന ഫാമിലിയെ മഹാ നദിയില്‍ കമല ഹാസന്‍ എങ്ങിനെ കാണിച്ചു, ഇവിടെ ഒരു ഉപയോഗവും ഇല്ലാതെ നീണ്ട ഒരു ഫ്ളാഷ്‌ ബാക്ക്‌, അതുപോലെ ഹൈ്‌ സൊസൈറ്റി ലൈഫിനെ പറ്റി ശശികുമാറിനു പിടിയില്ലെന്നു കാണുമ്പോള്‍ അറിയാം ഫാഷന്‍ ഷോയും ലഹരി ഉപയോഗവും ഒക്കെ ഏതൊക്കെയോ പഴയ ഹിന്ദി പടങ്ങള്‍ കോപ്പി അടിച്ചപോലെ വില്ലന്‍ മാത്രം ആണു ഈ പടത്തില്‍ എനിക്കു നന്നായി തോന്നിയത്‌

    ReplyDelete