Sunday, March 6, 2011

ജാലവിദ്യ നൊമ്പരങ്ങള്‍


പണ്ടൊക്കെ മാജിക്കെന്ന് കേട്ടാലേ ആളുകൂടുമായിരുന്നു. തൊപ്പിക്കുള്ളില്‍ നിന്നും പ്രാവും പരുന്തുമെല്ലാം പറത്തിവിട്ടാല്‍ പൂത്താങ്കിരി പിള്ളേരുടെയെങ്കിലും കൈയടി കിട്ടും. ഇപ്പം സ്ഥിതി മാറി, കണ്ണുരുട്ടി പേടിപ്പിച്ചാലോ...മന്ത്രം ചൊല്ലിയാലോ ഒന്നും പഴയപോലെ പിടിച്ചുനില്‍ക്കാനാവില്ല. മാനത്തു നിന്നും ആപ്പിളും ഭസ്മപ്പൊടിയുമെല്ലാം ലോക്കല്‍ സ്വാമിമാര്‍ വരെ നല്‍കും.  എന്നാലും ഈ കല അന്യം നിന്നുപോകരുതല്ലോ. കുറഞ്ഞ പക്ഷം നമ്മുടെ കാലം വരെയെങ്കിലും. ആദ്യം കുറച്ച് പെണ്ണുങ്ങളെ സംഘടിപ്പിച്ച്....

അല്‍പം പാട്ടും നൃത്തവും കൂട്ടിക്കുഴച്ച് മാജിക് നൃത്തശില്‍പം. പിന്നെ അറിയാവുന്ന ഇംഗ്ലീഷില്‍ എന്തെങ്കിലുമൊക്കെ അലറി കുറച്ച് കാലം അങ്ങനെ പിടിച്ചുനിന്നു.

സ്വയം തീയില്‍ച്ചാടിയാലൊന്നും രക്ഷയില്ല. ജാതകവശാല്‍ പഴയപോലെ കാലവും നന്നല്ല. എളുപ്പത്തില്‍ ജനശ്രദ്ധ കിട്ടണം. നമ്മളെടുത്ത് ചാടിയാല്‍ അതുകിട്ടില്ല. അല്ലേല്‍ അവിടക്കിടന്നു മയ്യത്താവണം. അങ്ങനെനങ്ങ് ഈ 'കണ്‍കെട്ട്' വിദ്യ നിന്നുപോകരുതല്ലോ. അതുകൊണ്ട് മാത്രം ആ ഉദ്യമം ഉപേക്ഷിച്ചു. 

പിന്നെയിതിന് വല്ല സിനിമാതാരത്തെയും ഒപ്പിച്ചാല്‍ സംഗതി ജോറാകും. മലയാളത്തില്‍ ആകെ ഉള്ളത് മൂന്നുസൂപ്പറുകളാണ്. അതില്‍ ആക്ഷന്‍ സ്റ്റാറിനെ തീയിലിടാമെന്ന് പറഞ്ഞുചെന്നാല്‍ തിരിച്ച് ഇതേ ഷേപ്പില്‍ വീട്ടിലെത്തില്ല. പിന്നെ മെഗാ താരമാണ്. സ്‌ക്രീനില്‍ ഡപ്പാംകൂത്ത് നടത്തുന്നത് തന്നെ റോബോട്ടിക് ശൈലിയിലാണ്. പുറംനൊന്തുള്ള പരിപാടിക്ക് നമ്മളെപ്പോലെ തന്നെ, പുള്ളിയെയും കിട്ടില്ല.

പിന്നുള്ളത് കൊറേശെ കൊറേശെ ജീവിതം ആസ്വദിച്ച് തീര്‍ക്കുന്നൊരു കക്ഷിയാണ്. എങ്ങനേലും ആവേശം മൂപ്പിച്ചെടുത്താല്‍ മതി. പിന്നെ പുള്ളിക്കാരനെ പിടിച്ചാല്‍ കിട്ടില്ല. ഏതുപൊട്ടക്കിണറ്റിലും ചാടും. നമ്മള്‍ ട്രിക്കൊക്കെ പറഞ്ഞുകൊടുത്തു. കൈയും കാലും ചങ്ങലകളാല്‍ ബന്ധനസ്ഥനാക്കി നാല് പൊളപ്പന്‍ പൂട്ടിട്ട് പൂട്ടും. തലയില്‍ ഒരു ഹെല്‍മറ്റ്.  വലിയൊരുപെട്ടിയില്‍ അടച്ച് വയ്‌ക്കോല്‍ കൂനയ്ക്കുള്ളില്‍ കൊണ്ടിടും. അകത്ത് നല്ല എയര്‍കണ്ടീഷന്‍ ചെയ്ത് വെള്ളം നനച്ച വയ്‌ക്കോലാണ്. പുറത്തിന്ന് പെട്രോളൊഴിച്ച് കത്തിച്ചാലും നമ്മള്‍ക്കൊരു കുഴപ്പോം വരില്ല. എങ്ങനുണ്ട്?

ആലോചിച്ച് നോക്കിയപ്പോള്‍ തന്നെ നന്നയിരിക്കണ്. സൂപ്പര്‍താരത്തിനും സമ്മതം. നമ്മള്‍ കാടിളക്കി പ്രചാരണം നടത്തി. സൂപ്പര്‍താരത്തെ തീയിലിടുമെന്ന് കേട്ട് ഫാന്‍സിളകി. ഫാന്‍സല്ലെങ്കിലും താരത്തെ സ്‌നേഹിക്കുന്നവരും അല്ലാത്തവരും  പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. താരം കുലുങ്ങിയില്ല. തീയില്‍ ചാടിയേ തീരൂ..കട്ടായം പറഞ്ഞ് പിണങ്ങി. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ബോധോദയം ഉണ്ടായമട്ടില്‍ താരം പിന്‍മാറി. ആ കണ്‍കെട്ട് വിദ്യയെന്തെന്ന് ഇതുവരെയും നമ്മള്‍ക്ക് പിടികിട്ടിയിട്ടില്ല. (തീയിലിടാന്‍ വന്ന മാജിക്കുകാരന്‍ മെഗാതാരത്തിന്റെ കടുത്ത ആരാധകനെന്ന് ആരോ ധരിപ്പിച്ചത്രേ.)

സഖാക്കളുടെ മന്ത്രിസഭയില്‍ മാജികിനോട് താത്പര്യമുള്ള താടിക്കാരന്‍ കനിഞ്ഞതോടെ ബജറ്റില്‍ കുറച്ച് കാശ് 'കണ്‍കെട്ടി'ന്  നീക്കിയിരുത്തിപ്പിച്ചു. തീവ്രവാദം തുടച്ചുനീക്കാന്‍ നാടുനീളെ ചില്ലറ വിദ്യകള്‍. സര്‍ക്കാരിന്റെ കുറേക്കാശ് കീശയിലായതോടെ നമ്മുടെ മാജിക് തീവ്രവാദവും നിന്നു. 

പിന്നേം ജീവിച്ചുപോണോലോ...മാക്രിപിള്ളേരെ പാട്ടുപഠിപ്പിക്കുന്ന ചാനല്‍ പരിപാടിയില്‍ കണ്ണുരുട്ടി ഉപദേശവും ചില്ലറ മാജിക്കും നടത്തി വരികയായിരുന്നു. തിരുവനന്തപുരത്ത് മേയര്‍ ചേച്ചീട പരിപാടിയില്‍ നമ്മടെ ചെമ്പുതെളിഞ്ഞു. ചെറീയൊരു കണ്ണബദ്ധം. പൊട്ടിക്കേണ്ടത് പൊട്ടിക്കേണ്ട സമയത്ത് പൊട്ടിയില്ല. അല്‍പം നേരത്തെ ആയിപ്പോയി. ഉദ്ഘാടനത്തിനിറങ്ങിയ മേയറുടെ ചെവിക്കിട്ട് പടക്കം പൊട്ടിച്ചു. ഇനി ആരെന്തുപറഞ്ഞാലും ചന്ദ്രികച്ചേച്ചി കേള്‍ക്കില്ല. കേള്‍വി ശക്തി തിരിച്ചുകൊടുക്കുന്ന മാജിക്കും നമ്മുക്കറിയില്ല. 

അമളി പറ്റിയ മാജിക് മാമന്‍ നമ്മളാണെന്ന് ചില മാജിക് സാമ്രാട്ടുകള്‍ പത്രമോഫീസുകളില്‍ കത്തയച്ചത്രേ. പണ്ട് പത്മശ്രീ കിട്ടിയ ഗോപിനാഥ് നമ്മളാണെന്ന് സുപ്രഭാതമുണര്‍ത്തുന്ന പത്രത്തെ തെറ്റിദ്ധരിപ്പിച്ച് ഒന്നാം പേജില്‍ വാര്‍ത്ത കൊടുപ്പിക്കുന്ന മാജിക്കൊന്നും നമ്മള്‍ മറന്നിട്ടില്ല. അല്ലെങ്കില്‍ എന്താ? പത്രത്തിന്റെ തലക്കെട്ടൊക്കെ ഇനി നമ്മളല്ലേ പ്രവചിക്കുന്നത്. ഇനി ആ വഴിക്കൊന്ന് കണ്ണുരുട്ടിനോക്കാം. ഉരുളുമോയെന്ന് നോക്കാലോ...ഓം ഹ്രീം കുട്ടിച്ചാത്താ....

1 comment: