Saturday, March 12, 2011

സത്യം പുറത്തുവരും...


ഈ കഴിഞ്ഞ മാസത്തിലെ ഏറ്റവും വലിയ സൃഷ്ടി എന്ന് നിരൂപകര്‍ പോലും വാഴ്ത്തിയ ലിവിംഗ് ടുഗതര്‍ കണ്ടിറങ്ങിയ എല്ലാ പ്രേക്ഷകരുടേയും മനസ്സില്‍ തോന്നിയ ഒരു കാര്യമാണ് ''ഈ ഫാസിലി ഇതെന്തു പറ്റി'' എന്നത് (യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ മാസത്തിലേത് മാത്രമല്ല, ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ സൃഷ്ടിയാണത്). എന്നാല്‍ ഇതിനുമുമ്പേ ചെയ്ത മോസ് ആന്‍ഡ് ക്യാറ്റ്, കയ്യെത്തും ദൂരത്ത് എന്നീ ചിത്രങ്ങള്‍ കണ്ടപ്പോഴും പ്രേക്ഷകര്‍ക്ക് തോന്നിയത് ഇതായിരുന്നു എങ്കിലും ഏത് പോലീസുകാര്‍ക്കും ഒരബദ്ധം പറ്റും എന്ന വിശ്വാസത്തില്‍ ആരും അത് കാര്യമായെടുത്തില്ല. പക്ഷേ ഇപ്പോള്‍ ഫാസിലിന് എന്തുപറ്റി എന്ന ചോദ്യമല്ല പ്രേക്ഷകര്‍ മുന്നോട്ടു വയ്ക്കുന്നത്. പകരം ഈ ഫാസില്‍ തന്നയാണോ മലയാള സിനിമാ ചരിത്രത്തില്‍ ഇടം പിടിച്ച മറ്റു സിനിമകള്‍ എടുത്തതെന്ന സംശയമാണ്. 

ആകെ 32 പടങ്ങള്‍. അതില്‍ 10 തമിഴ് 2 തെലുങ്ക്. ഇതെല്ലാം ചെയ്ത ഫാസില്‍ തന്നെയാണോ 1997 നുശേഷം ഇങ്ങനെ ഒരധപതനത്തിലേക്ക് ചാടിയത്? അതിനെപ്പറ്റി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന വേറൊരു കാര്യം മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ മുതല്‍ മണിച്ചിത്രത്താഴുവരെ ഫാസിലിന്റെ വിജയിച്ച സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ സ്ഥാനം കൈകാര്യം ചെയ്തിരിക്കുന്നത് പ്രഗത്ഭരാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ സിബിമലയില്‍ തുടങ്ങിവച്ച ഈ രീതി പ്രിയദര്‍ശനും സിദ്ദിക്ക് ലാലും തുടര്‍ന്നു- മണിച്ചിത്രത്താഴുവരെ. 

ഒരു സിനിമയ്ക്ക് അസോസിയേറ്റില്‍ നിന്നുണ്ടാകുന്ന സംഭാവന വളരെ വലുതായിരിക്കും. സംവിധാന സഹായിയായി രംഗത്ത് വന്ന് കഴിവുതെളിയിക്കുന്ന ഒരാള്‍ അസോസിയേറ്റ് ആകുമ്പോള്‍ തീര്‍ച്ചയായും അയാള്‍ക്ക് ആ സിനിമയില്‍ ചെയ്യാന്‍ കഴിയാവുന്നതെല്ലാം ചെയ്യും. സിബി മലയിലിനെ നോക്കുകയാണെങ്കില്‍ എന്തുകൊണ്ടും ഫാസിലിനേക്കാള്‍ ഭേദമാണെന്ന് തോന്നും. ഈയടുത്തും അപൂര്‍വ്വരാഗം പോലുള്ള സിനിമകള്‍ എടുത്ത് തന്റെ പ്രതിഭയ്ക്ക് (വലിയ രീതിയില്‍) കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിച്ച വ്യക്തിയല്ലേ. 

സിബിമലയിലും സിദ്ദിക്ക് ലാലും പ്രിയദര്‍ശനുമൊക്കെ അസിസ്റ്റന്റ് ആയിരുന്നപ്പോള്‍ ഫാസിലിന്റെ പേരില്‍ നല്ല പടങ്ങള്‍ ഇറങ്ങി. അവര്‍ സ്വതന്ത്രന്‍മാരായപ്പോള്‍, പണ്ടെങ്ങോ ചെയ്ത ഒരു സിനിമയുടെ ഹാങ്ങോവറില്‍ തൂങ്ങിക്കിടന്ന് വീണ്ടും വീണ്ടും സിനിമയെന്ന പേരില്‍ എന്തക്കയോ ചയ്ത് പേരുകളയുന്നു. 

മധുമുട്ടം എന്ന എഴുത്തുകാരന്റെ അസാധാരണമായ കഴിവില്‍ ഉരുത്തിരിഞ്ഞതാണ് മണിച്ചത്രത്താഴ്. അതിന്റെ 80 ശതമാനം ക്രഡിറ്റും അദ്ദേഹത്തിന് അവകാശപ്പെട്ടത് തന്നെ. പക്ഷേ സിനിമയെ ബിസിനസ് ആയി കാണുവാനാണ് ഫാസില്‍ ഇഷ്ടപ്പെട്ടത്. അതുകൊണ്ടാണല്ലോ മണിച്ചിത്രത്താഴ് കോടികളുടെ ലാഭത്തിന് കച്ചവടം ചെയ്തപ്പോള്‍ മധുമുട്ടം വെറും കാഴ്ചക്കാരനായി നിന്നത്.  

ഒരു ഫാസിലിന്റെ മാത്രം പ്രശ്‌നമല്ലിത്. സിദ്ദിക്ക്‌ലാല്‍ തങ്ങളുടെ ആദ്യ മൂന്ന് ചിത്രത്തില്‍ കണ്ട തമാശയൊന്നും വിയറ്റ്‌നാം കോളനിമുതല്‍ കാണുവാന്‍ സാധിക്കാത്തതിന്റെ കാരണവും ഇതുതന്നെയാണെന്ന് സിനിമാ മേഖലയിലെ പരസ്യമായ രഹസ്യമാണ്. പക്ഷേ എന്നിരുന്നാലും സിദ്ദിക്കിന് (ലാലിനല്ല) കഴിവുണ്ടായിരുന്നതുകൊണ്ട് സംവിധാനമേഖലയില്‍ അവര്‍ പിന്നോക്കം പോകാതെ നോക്കി- പിരിയുന്നതുവരെ. സി.പി. ജോമോന്‍ എന്ന അസിസ്റ്റന്റ് ഡയറക്ടര്‍ പക്ഷേ സ്വതന്ത്രമായി സിനിമ പിടിച്ചപ്പോള്‍ രണ്ടും പൊട്ടി തകര്‍ന്നുപോയി എന്നതാണ് യഥാര്‍ത്ഥ തമാശ. 

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മേജര്‍രവിക്കും പറ്റിയത് ഇതൊക്കെ തന്നെയാണ്. സേനന്‍ പല്ലശ്ശേരി എന്ന സഹായിയാണ് ആ സിനിമ ചെയ്തതെന്ന സത്യം പക്ഷേ മേജര്‍ രവി അംഗീകരിച്ചു തരില്ല. മേജറാണ് ആ പടം ചെയ്തിരുന്നെതെങ്കില്‍ കാണ്ഡഹാറിന്റെ വിധിയാകുമായിരുന്നു കീര്‍ത്തിചക്രയ്ക്കും എന്ന കാര്യത്തില്‍ (ഇപ്പോള്‍) യാതൊരു സംശയവുമില്ല. 

പക്ഷേ ഇക്കാര്യത്തിലും തമിഴ് സംവിധായകര്‍ മുന്നിലാണെന്നുള്ളതാണ് സത്യം. ബാല സംവിധാനം ചെയ്ത സേതു എന്ന സിനിമയുടെ അസിസ്റ്റന്റ്മാരെ എടുത്തു നോട്ടിയാല്‍ അറിയാം ഇക്കാര്യം. ബാലയുടെ കൂടെ  സഹായിക്കുവാന്‍ അമീര്‍സുല്‍ത്താനും ശശികുമാറും അന്ന് ഉണ്ടായിരുന്നു. പക്ഷേ അവര്‍ പോയതിനുശേഷം എടുത്ത നന്ദയും പിതാമഹനും നാന്‍ കടവുളും ബാലയുടെ കഴിവ് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തിയ സിനിമകളാണ്. അതുപോലെ ശശികുമാറും അമീറും തമിഴകത്തില്‍ നല്ലരീതിയില്‍ തന്നെ വരവറിയിക്കുകയും ചെയ്തു. സുബ്രഹ്മണ്യപുരത്തിലൂടെയും പരുത്തിവീരനിലൂടെയും. 

മലയാളത്തിലെ എല്ലാ സംവിധാന പ്രക്രിയയ്ക്ക് പിന്നിലും ഇതുപോലെ ഒളിച്ചിരുന്ന് വിയര്‍പ്പൊഴുക്കുന്നവന്റെ കഥകാണും. പക്ഷേ അവരെ പ്രേക്ഷകര്‍ അറിയില്ല. എന്റെ പടത്തില്‍ അസിസ്റ്റന്റ് ഡയറക്ടറുടെ സേവനം വളരെയേറെ ഗുണം ചെയ്തു എന്ന് എത്ര സംവിധായകര്‍ സത്യം പറയും. അവരെ പരിചയപ്പെടുത്തണമെന്ന് സംവിധായകര്‍ക്ക് ഒരു ആഗ്രഹവും കാണില്ല. ഫാസിലിന്റെ കാര്യത്തില്‍ ഇനി നല്ലൊരു അസോസിയേറ്റ് ഡയറക്ടറെ കിട്ടാതെ രക്ഷപ്പെടുന്ന കാര്യം സംശയമാണ്. അല്ലെങ്കില്‍ ഇനിയും ലിവിംഗ് ടുഗതര്‍ പോലെയുള്ള സൃഷ്ടികള്‍ പിറന്നുകൊണ്ടിരിക്കും. പക്ഷേ അതും സ്വന്തമായി നിര്‍മ്മിക്കേണ്ടി വരും.


6 comments:

  1. ഫാസിലിന്റെ കൈയ്യില്‍ ഒരു 3 സിനിമയ്ക്കുള്ള കോപ്പേ ഉണ്ടായിരുന്നുള്ളു. അത് മുപ്പതായി വിളമ്പിയാല്‍ ഇങ്ങനൊയൊക്കെയേ ആവൂ.

    ReplyDelete
  2. ഫാസില്‍ എന്ന സംവിധായകന്‍ ഒത്തിരിപേര്‍ക്ക് ഗുരുവാണ്. പ്രിയദര്‍ശന്‍ ഉള്‍പ്പടെയുള്ളവരെ അദ്ദേഹമാണ് ഫീല്‍ഡില്‍ കൊണ്ടു വന്നത്. അല്ലാ എന്ന് ആര്‍ക്കും നിഷേധിക്കാന്‍ കഴിയുന്ന ഒന്നല്ല. മധുമുട്ടം തിരക്കഥ എഴുതിക്കൊടുത്തതു കൊണ്ട് മാത്രം മണിച്ചിത്രത്താഴ് സിനിമയാകില്ല. അദ്ദേഹം തിരക്കഥയെഴുതിയ ഹരികൃഷ്ണന്‍സും ഫാസിലിന്റെ കഴിവുകൊണ്ടണ് വിജയിച്ചത്. ബിജുമേനോന്‍ നായകനായ ഒരു പടം മധുമുട്ടം തിരക്കഥയെഴുതിയിട്ട് പരാജയപ്പെട്ടില്ലേ.
    ഫാസിലും അസോസിയേറ്റ് ഡയറക്ടറായിട്ടു തന്നെയാണ് ഡയറക്ടര്‍ ആയത്. സിബി മലയിലിനൊക്കെ ഒരു പടം പോലും കിട്ടാതിരിന്നിട്ടുണ്ടെന്നുള്ള അവസ്ഥ ഉണ്ടായിരുന്നു എന്ന് മറക്കരുത്.

    ReplyDelete
  3. മണിച്ചിത്രത്താഴിന്റെ ടൈറ്റില്‍സില്‍ സംവിധാനം എന്നതിന് മുന്പായി വ്യക്തമായി എഴുതിയിട്ടുണ്ട്... സെക്കന്റ്‌ യൂണിറ്റ് സംവിധായകര്‍ - സിബി മലയില്‍, സിദ്ദിക്ക് -ലാല്‍, പ്രിയദര്‍ശന്‍ എന്ന്... (അസോസിയെറ്റ് അല്ല, സെക്കന്റ്‌ യൂണിറ്റ് എന്ന് തന്നെ.) ഫാസില്‍ മേല്‍നോട്ടം മാത്രം ആയിരിക്കണം. അതായത് അത് മധു മുട്ടത്തിന്റെ കഥയുടെ മാത്രം വിജയം ആയി പറയാന്‍ സാധിക്കില്ല.

    ReplyDelete
  4. പപഠിഷു, സംവിധാന മേല്‍നോട്ടം മാത്രമാണെങ്കില്‍ അങ്ങനെ വയ്ക്കണമായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലും സെക്കന്റ് യൂണീറ്റ് ഡയറക്ടര്‍ സിബിമലയില്‍ എന്നു തന്നെയാണ് വച്ചിരിക്കുന്നത്. അപ്പോള്‍ ഫാസില്‍ ചെയ്ത എല്ലാ പടത്തിലെയും മേല്‍നോട്ടം മാത്രമായിരുന്നോ. പിന്നെ എന്തിനാ സംവിധാനം എന്നു വയ്ക്കുന്നത്.

    ReplyDelete
  5. ആ... എനിക്കറിയില്ലെന്റെ പോന്നനോണീ...

    ഏ. ആര്‍. റഹ്മാന്‍ കോറസ്സിനു 'ഹാര്‍മോണി' എന്ന് പേരിട്ടു വിളിക്കുന്നത്‌ പോലെ കുറച്ചുകൂടെ മാന്യമായ ഒരു പേര് ഇട്ടതാവും... ഈ 'അസോസിയേറ്റ് ഡയറക്ടര്‍' എന്നതിന്...

    അയാം ദ സോറി അനോണീ... അയാം ദ സോറി.

    ReplyDelete
  6. രാജസേനന്റെ കാര്യം എന്തെ പറഞ്ഞില്ല?

    റാഫി മേക്കാര്ടിന്‍ പോയിക്കഴിഞ്ഞു പുള്ളി ആകെ ചളം ആയില്ലേ?

    സിദ്ദിക്ക്-ലാലിനോടോപ്പവും ഉണ്ടായിരുന്നു കോമഡി പൊലിപ്പിക്കാന്‍ റാഫി മേക്കാര്ടിന്‍....

    ReplyDelete