Friday, April 1, 2011

ഉറുമിക്ക് മൂര്‍ച്ചയുണ്ട്...


പറഞ്ഞ സമയത്ത് ഉറുമിയെത്തി. പ്രിഥ്വിരാജ് അഭിനേതാവിന്റെയും നിര്‍മ്മാതാവിന്റെയും വേഷമണിയുന്ന സന്തോഷ് ശിവന്‍ ചിത്രം ഉറുമിയെപ്പറ്റി ഒറ്റവാക്കില്‍ പറഞ്ഞാല്‍ നിശാശപ്പെടുത്തുന്നില്ല. സത്യം പറഞ്ഞാല്‍ പഴശ്ശിരാജ കണ്ടവര്‍ക്ക് അതിനേക്കാള്‍ പ്രതിക്ഷയോടെ പോയി കാണാന്‍ പറ്റിയ ചിത്രം തന്നെയാണ് ഉറുമി എന്ന് നിസംശയം പറയാം. രണ്ടും ചരിത്രത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങളായതുകൊണ്ടാണ് കേട്ടോ താരതമ്യപ്പെടുത്തിയത്. (അല്ലാതെ മെഗയോടുള്ള വിരോധം മൂലമൊന്നുമല്ല)

ശങ്കര്‍ രാമകൃഷ്ണന്‍ വളരെ നാളത്തെ ഗവേഷണത്തിലൂടെ എഴുതിയ തിരക്കഥ സന്തോഷ്ശിവന്‍ ഭംഗിയായി അഭ്രപാളിയില്‍ പകര്‍ത്തിയിരിക്കുന്നു (ഏതോ ഒരു മാഗസിനില്‍ സന്തോഷ് ശിവനാണ് ഗവേഷണം നടത്തിയത് എന്നു കണ്ടു). ക്യാമറ പതിവുപോലെ മനോഹരം തന്നെ. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഒരു പരിധിവരെ സംവിധായകന്‍ വിജയിച്ചിരിക്കുന്നു എന്നതും ഈ സിനിമയെ സംബന്ധിച്ച് പ്ലസ് പോയിന്റാണ്. 

വളരെ കാലത്തിന് ശേഷം മലയാളത്തില്‍ ഇറങ്ങിയതില്‍ പ്രേക്ഷകരുടെ പ്രാക്കുകേള്‍ക്കാത്ത പടം എന്ന് വേണമെങ്കില്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. അദ്ഭുതം തന്നെയെന്ന് പലരും വിചാരിക്കുന്നുണ്ടാകും. സാധാരണ ഇപ്പോഴുള്ള മലയാള ചിത്രങ്ങള്‍ കണ്ടിറങ്ങുന്നവര്‍ അഭിനയിച്ചവനേയും സംവിധാനിച്ചവനേയും എന്തിന്, അവരുടെ കുടുംബത്തെ വരെ ഏഴു വെള്ളത്തില്‍ വരെ കുളിച്ചാലും നാറ്റം പോകാത്ത തെറികള്‍ കൊണ്ട അഭിഷേകം ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പത്ത് ഇരുപത്തഞ്ച് കോടി മുടക്കി എടുത്ത ചിത്രമായതുകൊണ്ട് പ്രേക്ഷകര്‍ എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചാണ് പോകുന്നത്. അവര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കിട്ടിയാല്‍ ആ സിനിമ കണ്ട് അസ്വദിച്ച് തിരിച്ചു പോരുന്നു. അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. 

പണ്ട് ഏഴാം ക്ലാസ്സിലൊക്കെ പഠിച്ചിട്ടില്ലേ- 'കേരളത്തില്‍ ആദ്യം കാലുകുത്തിയ വിദേശ സഞ്ചാരി വാസ്‌കോ ഡ ഗാമയാണ്. കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്താണ് അദ്ദേഹം വന്നിറങ്ങിയത്. വാസ്‌കോ ഡ ഗാമയെ തുടര്‍ന്ന് ധാരാളം സഞ്ചാരികള്‍.....' ഈ സാധനം തന്നെ ഇവിടെ വേറൊരു രീതിയില്‍ സന്തോഷ് ശിവനും കൂട്ടരും പറയുന്നത്. 

ചരിത്ര വിദ്യാര്‍ത്ഥികള്‍ പൂവിട്ട് പൂജിക്കുന്ന ഗാമ (സ്‌കൂള്‍ പിള്ളേര്‍ മനസ്സു തുറന്ന് പ്രാവുകയാണ് ചെയ്യുന്നത് ''എന്തിനുവാ ഇങ്ങോട്ട് കെട്ടിയെടുത്തത്. അവിയെങ്ങാനും കിടന്നാല്‍ പോരായിരുന്നോ. ഒരു 1498... ഈ വര്‍ഷങ്ങളെല്ലാംകൂടെ തലേലോട്ട് കേറുന്നുമില്ലല്ലോ...) കേരളത്തിനകത്ത് കാണിച്ചുകൂട്ടിയ പോക്രിത്തരങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. ചന്തുവിനെ എം.ടി. ഒടിച്ചു മടക്കി നിവര്‍ത്തിയെടുത്തതുപോലെ ഇത് വളച്ചെടുക്കുകയാണ്. സത്യം പറഞ്ഞാല്‍ ഇതൊരു ചരിത്ര സിനിമയാണെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റില്ല. ഒരു ഫാന്റസി ചിത്രമെന്ന ലേബലാണ് ഇതിന് കൂടുതല്‍ ചേരുക. വര്‍ത്തമാന കാലത്തില്‍ നിന്നും ഭൂതകാലത്തിലേക്കുള്ള ഒരാളുടെ മനസ്സിന്റെ സഞ്ചാരമാണ് ഈ സിനിമയില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. 

കൃഷ്ണദാസും (പ്രിഥ്വിരാജ്) കൂട്ടുകാരനും (പ്രഭുദേവ) അടിച്ചുപൊളിച്ചു നടക്കുന്ന യുവാക്കളാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ കുറേ ഭൂമിയുടെ ഉടമസ്ഥാവകാശം കൃഷ്ണദാസിന്റെ പേരില്‍ കിട്ടുന്നു. ആ ഭൂമി വാങ്ങുവാന്‍ ഒരു വിദേശ കമ്പനിയും തയ്യാറാകുന്നു. ഭൂമിയുടെ വില്‍പ്പനയ്ക്കായി നാട്ടിലെത്തുന്ന അവര്‍ക്ക് ആ ഭൂമിയില്‍ ആദിവാസികളെ അധിവസിപ്പിക്കുന്ന കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്. (NB: ചരിത്രകഥയില്‍ അഭിനയിക്കുന്ന മിക്കവാറും എല്ലാ താരങ്ങളും ഈ വര്‍ത്തമാന കഥയിലും വരുന്നുണ്ട്). ഭൂമി വിറ്റുകട്ടുവാനുള്ള തീരുമാനമെടുക്കുന്ന കൃഷ്ണദാസിനെയും കൂട്ടുകാരനെയും ഒരു സംഘം ആള്‍ക്കാര്‍ തട്ടിക്കൊണ്ടു പോകുന്നു. അവര്‍ കൃഷ്ണദാസിനെ അവരുടെ നേതാവിന്റെ (ആര്യ) അടുക്കലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് നേതാവ് കൃഷ്ണദാസിനോട് അവന്റെ പൂര്‍വ്വികരുടെ കഥ പറയുകയും ചെയ്യുന്നു. 

ഗാമ ആദ്യമായി കേരളത്തില്‍ വന്ന സമത്ത് ഹജ്ജിന് പോയിട്ടുവന്ന ഒരു സംഘം മുസ്ലീങ്ങളെ ബന്ധികളാക്കുന്നു. ചിറയ്ക്കലെ പ്രമാണിയായ കൊത്തുവാള്‍ (അതും ആര്യ) നാടുവാഴിയുടെ സഹായം തേടുന്നുവെങ്കിലും അത് ലഭിക്കുന്നില്ല. ശേഷം തന്റെ എട്ടു വയസ്സുള്ള മകന്‍ കേളുവിനെയും (പ്രിഥ്വിരാജ്) കൂടെ ഒരു ബ്രാഹ്മണനേയും സന്ധി സംഭാഷണത്തിനയക്കുന്നു. അവിടെ വച്ച് ഗാമ കേളുവിനെയും ആ ബ്രാഹ്മണനേയും മര്‍ദ്ദിക്കുകയും ഹജ്ജിനു പോയിട്ടുവന്ന കപ്പല്‍ തകര്‍ത്ത് അതിലുള്ളവരെ കൊല്ലുകയും ചെയ്യുന്നു. ബ്രാഹ്മണന്റെ നാവ് മുറിച്ച് ചെവിയില്‍ കഴുത ചെവി തുന്നിച്ചേര്‍ക്കുന്നു. 

ഈ സമയം കൊത്തുവാള്‍ അവിടെയെത്തുകയും കേളുവിനെ രക്ഷപ്പെടുത്തുന്നതിനിടെ കൊല്ലപ്പെടുകയും ചെയ്യുന്നു. രക്ഷപ്പെട്ട് കരയിലെത്തിയ കേളു തകര്‍ത്ത കപ്പലിലെ ബാക്കിവന്ന ആഭരണങ്ങളെല്ലാമെടുത്ത് ഒരു ഉറുമിയുണ്ടാക്കുന്നു. ഗാമയ്ക്ക് വേണ്ടി. അവിടെവച്ച് അവന്റെ കൂട്ടുകാരനായി വവ്വാലി (പ്രഭുദേവ)യും കൂടുന്നു. 

22 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഗാമ വീണ്ടും കേരളത്തിലെത്തുമ്പോള്‍ കെടാത്ത പഴയ പകയുമായി കേളുവും കൂടെ വവ്വാലിയും അവരുടെ യാത്ര ആരംഭിക്കുന്നു. യാത്രയില്‍ അവര്‍ക്ക് ചിറയ്ക്കലെ കുമാരിയെ രക്ഷിക്കേണ്ട സാഹചര്യമുണ്ടാകുകയും അതോടുകൂടി ചിറയ്ക്കല്‍ കൊട്ടാരത്തിലെ ഉദ്യോഗസ്ഥരാകുകയും ചെയ്യുന്നു. അവിടെ നിന്നും ഒരു ദൗത്യവുമായി അറയ്ക്കല്‍ കൊട്ടാരത്തിലേക്കു പോകുന്ന കേളുവും കൂട്ടുകാരനും അറയ്ക്കല്‍ രാജകുമാരി അയിഷ (ജനീലിയ) യുമായി സന്ധികുന്നു. അവരുടെ ദൗത്യത്തിന് കൂടെ അയിഷയും ചേരുന്നു. 

അഭിനയത്തിന്റെ കാര്യത്തില്‍ കാലം ഇത്രയും കഴിഞ്ഞെങ്കിലും താന്‍ തന്നെയാണ് മലയാളത്തിന്റെ കുലപതി എന്ന് അടിവരയിടുന്ന പ്രകടനമാണ് ജഗതി ശ്രീകുമാര്‍ നടത്തിയിരിക്കുന്നത്. പക്ഷേ പ്രിഥ്വിരാജ് സ്്ഥിരം ശൈലിയില്‍ നിന്നും മുമ്പോട്ടും പോയിട്ടില്ല. പിറകോട്ടും പോയിട്ടില്ല. മസിലു പെരുപ്പിക്കലിന്റ അളവ് കൂടിയിട്ടുണ്ട് എന്നല്ലാതെ സാധാരണ കാണുന്ന പ്രിഥ്വിരാജില്‍ നിന്നും മാറ്റങ്ങളൊന്നും വന്നിട്ടില്ല. (വരുത്താന്‍ ശ്രമിച്ചിട്ടില്ല)

ജനീലിയ, ആര്യ, പ്രഭുദേവ എന്നിവര്‍ക്ക് തിയേറ്ററിനുള്ളില്‍ കിട്ടുന്ന കൈയടി തന്നെയാണ് അവരുടെ പ്രകടനത്തിന്റെ ആധാരം. കൂടെ അഭനയിച്ചിരിക്കുന്ന വിദേശ താരങ്ങളും (ചിലരൊഴിച്ച്) കഴിവിനൊത്ത പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. (ചിലര്‍ കൂലിക്ക് അഭിനയിക്കാന്‍ വന്നതാണെന്ന് കണ്ടാല്‍ അറിയാം. മുഖത്ത് ചെറിയ ചിരിയൊക്കെയുണ്ട്). നിത്യമേനോന് ഇതുവരെ കിട്ടിയതില്‍ നിന്നും വത്യസ്ഥമായ വേഷമാണ് ലഭിച്ചിരിക്കുന്നത്. തബു ഗസ്റ്റ് വേഷത്തിലും വിദ്യാബാലന്‍ ഒരു പ്രധാന വേഷത്തിലും അഭിനയിച്ചിരിക്കുന്നു. വിദ്യ സ്വന്തമായി ഡബ്ബും ചെയ്തിരിക്കുന്നു. 

ഒരു ലോക സിനിമ എന്നൊരു പേരോടുകൂടി എടുത്ത 'ഉറുമി'യുടെ ഒരോ സീനും സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നു. അനന്തഭദ്രം എന്ന സിനിമയുടെ ഒരു പറ്റേണിലാണ് തിരക്കഥ സഞ്ചരിക്കുന്നതെങ്കിലും വടക്കന്‍ മലബാര്‍ ഭാഷ കാണികളെ വലുതായിട്ടൊന്നും ബുദ്ധിമുട്ടിക്കുന്നില്ല. എല്ലാ ചരിത്ര സിനിമകളിലും നായകര്‍ അവസാനം മരണപ്പെടുന്നതുപോലെ ഈ സിനിമയിലും കേളുനായനാര്‍ മരിക്കുന്നു എങ്കിലും ആ യുദ്ധത്തിന് എന്തോ ഒരു പൂര്‍ണ്ണത വരുന്നില്ലായെന്ന ഒരു പരാതിയുണ്ട്. (ചരിത്ര സിനിമകളില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയില്ലല്ലോ). സിനിമ പോയി തീര്‍ച്ചയായും കാണാം. സന്തോഷ് ശിവന്റെ ക്യാമറയും സംവിധാന മികവും അനുഭവിച്ചറിയാം. നാം പടിക്കുന്നതൊക്കെ തെറ്റായ ചരിത്രമാണോ എന്ന് സംശയം ചിലപ്പോള്‍ ഇവിടെ തുടങ്ങും (അതുമാത്രമേയുള്ളൂ പ്രശ്‌നം: നമ്മെ സംബന്ധിച്ച്)

കുറിപ്പ്: ലോക സനിമ എന്നൊക്കെ പറഞ്ഞാണ് ചിത്രം ഇറക്കിയിരിക്കുന്നത്. നമുക്കറിയാം പഴശ്ശിരാജ തലകുത്തി നിന്ന് ഓടിയിട്ട് മുടക്കുമുതലുപോലും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞില്ല. (നല്ല കളക്ഷനായിരുന്നു കിട്ടിയിരുന്നതെങ്കിലും മുടക്കുമുതല്‍ കൂടുതലയതിനാലാണത്). ഉറുമി കേരളത്തിലോടി മാത്രം കാശുണ്ടാക്കമെന്നുള്ളത് വ്യാമോഹമാണ്. 

തമിഴ്‌നാടും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും സിനിമ സ്വീകരിക്കുമോ എന്ന് കണ്ടറിയണം. മമ്മൂട്ടിയും ശരത് കുമാറുമുണ്ടായിരുന്നിട്ട് പഴശ്ശിരാജയുടെ സ്ഥിതി കണ്ടില്ലേ...

ലോക വ്യാപകമായി റിലീസ് ചെയ്യുമെന്നാണ് പ്രിഥ്വിരാജ് പറഞ്ഞിരിക്കുന്നത്. നല്ല കിടിലന്‍ ഹോളിവുഡ് സിനിമകള്‍ കണ്ട് വളരുന്ന മറ്റു രാജ്യക്കാര്‍ എങ്ങനെ ഈ സിനിമയോട് പ്രതികരിക്കുമെന്നറിയില്ല. പിന്നെ ആകെയുള്ളത് പോര്‍ട്ടുഗീസാണ്. 

ലോകം ഒരു കാലത്ത് കൈവെള്ളയിലിട്ട് അമ്മാനമാടിയ പോര്‍ട്ടുഗീസുകാര്‍ ദൈവത്തെ പോലെ ആരാധിക്കുന്ന ഒരു മനുഷ്യനാണ് വാസ്‌കോ ഡ ഗാമ. പോര്‍ട്ടുഗീസ് സാമ്രജ്യത്തെ ലോകവ്യാപകമായി പ്രശസ്ഥമാക്കിയ അവരുടെ വൈസ്രോയി. പുള്ളിക്കാരനെ പറ്റി ഇങ്ങനെയുള്ള സിനിമയുമായി അങ്ങോട്ട് ചെന്നാല്‍ പെട്ടീംകൊണ്ട് ചെല്ലുന്നവനെ ഉള്‍പ്പടെ അവര്‍ തീയിലിട്ട് ചുടും. 

പിന്നെ ചിത്രത്തിന്റെ ഇംഗ്ലീഷ് പേര് ഒരു ചെറിയ പേരാണെന്ന് ആക്ഷേപമുണ്ട്. 'എ ബോയ് ഹു വാണ്ടഡ് ടു കില്‍ വാസ്‌കോ ഡ ഗാമ.' കുറച്ചുകൂടി എന്തങ്കിലുമൊക്കെ കൂടെ ചേര്‍ക്കാമായിരുന്നു. (നീളം കുറഞ്ഞുപോയതുകൊണ്ടാണേ...)

4 comments:

  1. No worries, sahodaraa, ithilum neelamulla perukal loka cinemayil undaayittundu.

    ReplyDelete
  2. നമ്മുടെ കൊച്ചു കേരളം വിചാരിച്ച പോലെയൊന്നുമല്ല..

    1. കേളു നായർക്ക്‌ വാക്സിനേഷൻ എടുത്ത പാടു കണ്ടു ശരിക്കും അഭിമാനിച്ചു! എത്രയോ വർഷങ്ങൾക്കും മുൻപെ നമ്മൾ ആരോഗ്യ പരിപാലന കാര്യത്തിൽ അത്രയേറെ മുന്നേറി കഴിഞ്ഞിരുന്നു!

    2. rang de basanti, gladiator ഒക്കെ അരച്ചു കലക്കി വെച്ചിട്ടുണ്ട്‌.

    3. ആര്യ - എന്തിനാണ്‌ മുഖത്ത്‌ ചായം വാരി പൂശി, ഭ്രാന്തന്മാരെ പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്ന് സംസാരിക്കുന്നത്‌ ? - ബോറടിച്ചിട്ടായിരിക്കും! (അനന്തഭദ്രത്തിന്റെ ഹാംഗ്‌ ഓവർ മാറിയിട്ടില്ല!)

    4. അറയ്ക്കൽ അയിഷ - യാഥാസ്ഥിക കുടുംബം - അങ്ങനെ ആവാനല്ലേ തരമുള്ളൂ?.. അതിനു തക്കവണ്ണമുള്ള വസ്ത്രമാണോ? - മാഷെ, നഗ്നതാ പ്രദർശനം പിന്നെ എങ്ങനെ നടത്തും? കാശു മുടക്കി പടം പിടിച്ചതല്ലേ?!

    5.വിദ്യാ ബാലൻ ?- വയറും കുലുക്കി ഒരു ഐറ്റം ഡാൻസുണ്ട്‌! കരയണോ, ചിരിക്കണോ എന്നറിയാതെ കാണുന്നവർ വിഷമിച്ചു പോകും!.. താബു? (മൂക്കില്ലേ?! എന്ന് കിലുക്കത്തിൽ ജഗതി ചോദിച്ചത്‌ ഓർത്തു..പ്രത്യേകിച്ച്‌ ഒരു കാര്യവുമില്ല..മറ്റൊരു ഡാൻസ്‌ നമ്പർ മാത്രം..ചിലപ്പോൾ ഹിന്ദിയിൽ പടം ഓടിക്കുമ്പോൾ, പരസ്യത്തിൽ പടം ചേർക്കാനാവും!)

    6. വവ്വാലി ചെറുപ്പത്തിൽ നല്ല മലയാളം സംസാരിച്ചിരുന്നയാൾ വലുതായപ്പോൾ തമിഴ്‌ കലർന്ന മലയാളം! - കോയമ്പത്തൂരിൽ വല്ലതും പഠിക്കാൻ പോയതാണോ?!..ആവും..അല്ലാതെ പിന്നെ!

    7.അയിഷ എന്താ സംസാരിക്കില്ലേ? ഇല്ല.. എന്തോ വായിലിട്ട്‌ ചവയ്ക്കുന്നത്‌ പോലെ മാത്രമെ തോന്നുള്ളൂ.. അതാണ്‌ ഹിന്ദി യിൽ നിന്നും നടികളെ കൊണ്ടു വന്നാലുള്ള ഗുണം!

    8. ഉറുമി ഉപയോഗിക്കാൻ അറിയുന്ന ഒരേ ഒരു ആൾ നമ്മുടെ കേളു നായർ മാത്രം!.. മറ്റാർക്കും ആ ഉറുമി ഒന്നു വീശി കളിക്കാൻ കൂടി കൊടുക്കില്ല!

    9. ഒന്നു വീശുമ്പോഴേക്കും ആകാശത്ത്‌ രണ്ടു തവണ മറിഞ്ഞു മാത്രമേ വെട്ടേരവർ വീഴാവൂ.. അതല്ലേ ഒരു സ്റ്റയിൽ?!.. തമിഴ്‌ സിനിമൾ കണ്ടു ശീലിച്ച മലയാള മക്കൾ അതൊനും ശ്രദ്ധിക്കില്ലന്നെ!

    10. പ്രാധാനപ്പെട്ട സംഘട്ടന രംഗങ്ങൾ എല്ലാം slow motion ഇൽ ആണ്‌ .. അല്ലെങ്കിൽ എങ്ങനെയാണ്‌ ഇതൊക്കെ ഒന്നു കാണാൻ പറ്റുക?.. അത്രയ്ക്കും മിന്നൽ വേഗത്തിലായിരുന്നു ..പിന്നീട്‌ പരാതി വന്നാലോ എന്നു വിചാരിച്ചു കഷ്ടപ്പെട്ട്‌ കമ്പ്യൂട്ടറിൽ കയറ്റി സ്ലോ മോഷൻ ആക്കിയതാണ്‌... ഇനി ഒന്നും കണ്ടില്ല എന്നു ആരും പറയരുതല്ലോ! (അതു രംഗങ്ങളുടെ തീവ്രത കുറച്ചാൽ എന്താ കുഴപ്പം?)

    11. പലപ്പോഴും സംസാര രീതി ആധുനിക ലോകത്തെ സംസാര രീതി ആയി പോകുന്നു..അതു പിന്നെ ഇപ്പോഴു ഒരാൾ സംഭാഷണം എഴുതുമ്പോൾ അങ്ങനെയല്ലേ വരികയുള്ളൂ?!

    അപ്പോൾ കൊള്ളാവുന്ന?..ഉണ്ടല്ലോ - ജഗതി ശ്രീകുമാർ..പൂർണ്ണം.

    ചുമ്മാ ഒരു വലിയ പരസ്യ ചിത്രം കാണുന്നതു പോലെ കണ്ടിരിക്കാം!
    ചരിത്ര സിനിമകൾ എടുക്കുവാൻ മലയാള സിനിമ വളർന്നിട്ടില്ല..സാങ്കേതികമായിട്ടല്ല..മാനസികമായിട്ട്‌!

    ReplyDelete
  3. $, 3J
    "
    1 c ? 8


    !

    1

    # :4$ # >

    #
    >
    @
    .. E
    #
    @ ..#
    #
    @ !

    ReplyDelete
  4. സാബുവിന്‍റെ പ്രതികരണങ്ങള്‍ ഗംഭീരം.......വേറൊന്നുമല്ല.....പലതും എനിക്ക് തോന്നിയതു തന്നെ ആണ് .....എങ്ങനെയുള്ള വിശകലന ങ്ങള്‍ വേണ്ടതു തന്നെ.....പക്ഷെ ആ സിനിമ മലയാളത്തില്‍ എടുക്കാന്‍ കാണിച്ച ധൈര്യം നമ്മള്‍ സമ്മതിച്ചു കൊടുക്കണം

    ReplyDelete