Sunday, April 10, 2011

താല്‍പ്പര്യമുള്ളവരുണ്ടോ?


ഈ മാഫിയ എന്ന പദം സുരേഷ്‌ഗോപിയും രഞ്ജിപണിക്‌രും ഷാജികൈലാസും കൂടിയാണ് മലയാളത്തിലേക്ക് താങ്ങിക്കൊണ്ട് വന്നത്. പിന്നെ വരുന്നവനും പോകുന്നവനും ആ പദത്തെ എടുത്ത് അലക്കാന്‍ തുടങ്ങി. അങ്ങനെ എല്ലാവരും പറയുന്ന കൂട്ടത്തില്‍ നമ്മുടെ തിലകനും പറഞ്ഞു 'മാഫിയ'. പക്ഷേ അതിന്റെ മുന്നില്‍ ഫെഫ്കാ നേതൃത്വമെന്നും അതിന്റെ പിന്നില്‍ പിടിയിലെന്നുമുണ്ടായിരുന്നു. ഇതിനെ ഏതോ ഒരുത്തന്‍ (മമ്മൂട്ടിയല്ല) ഊഹിച്ച് ഗുണിച്ച് ഹരിച്ച് എടുത്ത് ഫെഫ്കയുടെ മൊതലാളിമാരോട് പറഞ്ഞു. ''നിങ്ങളെ അങ്ങേര് മാഫിയ എന്നുവിളിച്ചു''

തകര്‍ന്നു. പിന്നെ എന്തൊക്കെയായിരുന്നു. തെറിവിളി, കൊലപാതകശ്രമം, ചെളിവാരിയെറിയല്‍, കൊഞ്ഞണംകുത്തല്‍ തുടങ്ങിയ കലാപരിപാടികള്‍ കഴിഞ്ഞ് ഒടുവില്‍ വിലക്കും. അതോടുകൂടി തിലകന്റ കഞ്ഞികുടി മുട്ടി. അതിനിടയ്ക്ക് അമ്മയെ നുള്ളി എന്ന കുറ്റത്തിന് അവിടെനിന്നും പുറത്താക്കുക കൂടി ചെയ്തപ്പോള്‍ സന്തോഷമായി. അമ്മയ്ക്കും അമ്മയുടെ നായര്‍മാര്‍ക്കും നെഞ്ചിലെ ഭാരവും ഒന്നിറങ്ങിക്കിട്ടി. 

യക്ഷികളേയും കൊണ്ട് മലയാള സിനിമയെ മര്യാദ പഠിപ്പിക്കാനിറങ്ങിയ ഒരു മന്ത്രവാദിയുടെ കയ്യില്‍ അകപ്പെട്ടതോടെയാണ് തിലകന്റെ തലയില്‍ വര കുറുകേ വീണത്. മന്ത്രവാദി പണ്ടേ അമ്മയേയും അച്ഛന്‍മാരേയും തള്ളയ്ക്ക് വിളിച്ച് കഴിവ് തെളിയിച്ച ആളാണ്. അദ്ദേഹം ആകര്‍ഷണ മന്ത്രമുപയോഗിച്ച് ആകര്‍ഷിച്ചപ്പോള്‍ കൂട ചെന്നു. അദ്ദേഹം പറഞ്ഞു തന്നതുപോലെ പറയുകയും ചെയ്തു. പിന്നീട് നാലു സൈഡില്‍ നിന്നും വിലക്കും കാര്യങ്ങളുമൊക്കെ വന്നപ്പോഴാണ് പറഞ്ഞതെല്ലാം തെറിയായിരുന്നു് എന്ന് മനസ്സിലായത്. അപ്പോഴേക്കും 90 മിനിട്ടും കഴിഞ്ഞ് കളിയും നിര്‍ത്തി. 

വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ക്രിസ്റ്റിയുടേയും സഹോദരന്‍മാരുടേയും അച്ഛനായി അഭിനയിക്കാനുള്ള യോഗ്യത അസാധുവാക്കിയതോടുകൂടി തിലകന്‍ അപകടം മണത്തു. (പടമിറങ്ങിയപ്പോള്‍ അതില്‍ അഭിനയിക്കാതിരുന്നതാണ് നല്ലതെന്ന് തോന്നി). ഡാം 999 എന്ന ഹോളിവുഡ് സിനിമയിലെ പ്രധാന വേഷത്തില്‍ നിന്ന് പുറത്താക്കി ലവന്‍മാര്‍ അവസാന ആണിയുമടിച്ചു.  എന്തായാലും നനഞ്ഞു. അങ്ങിനെയെങ്കില്‍ മുങ്ങിക്കയറാം എന്ന് വിചാരിച്ചിട്ടാണ് പ്രസംഗത്തൊഴില്‍ തുടങ്ങിയത്. അതുകൊണ്ട് ഒരുവിധം ജീവിച്ചു പോയ്‌ക്കോണ്ടിരുന്നപ്പോള്‍ പെട്ടെന്നൊരു ഐഡിയ. നാടകം. പിന്നെ താമസിച്ചില്ല. ഇതോ ദൈവത്തിന്റെ സ്വന്തം നാട് തുടങ്ങി. 

ഇതിനിടയ്ക്ക് ഇക്കാര്യങ്ങള്‍ക്കെല്ലാം കരണഭൂതനായ മന്ത്രവാദി വീണ്ടും അവതരിച്ചു. ഹിന്ദു മുസ്ലീം പ്രേമ കഥയും കൊണ്ടാണ് പുള്ളി വീണ്ടും വന്നത്. യക്ഷിയേും കൊണ്ടു വന്നവന്‍മാരില്‍ എല്ലാവരും വഴിയില്‍ കളഞ്ഞിട്ട് പോയപ്പോഴും തിലകന്‍ കൂടെ നിന്നു. ഇത് ലവന്‍മാരെ വീണ്ടും ചൊറിച്ചില്‍ കയറ്റി. അവസാനം എന്തായി? തൂമ്പയും എടുത്തുകൊണ്ട് കിളയ്ക്കാന്‍ പോകേണ്ട അവസ്ഥവരെയായി.

പെട്ടെന്നൊരു ദിവസം സുപ്രഭാതത്തില്‍ ഫെഫ്കാ അംഗങ്ങള്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി ഒരു ചോദ്യം- ''താല്‍പ്പര്യമുള്ളവരുണ്ടോ?''. ചോദ്യം കേട്ടവര്‍ വല്ല സിനിമയിലും അഭിനയിക്കാന്‍ ആളെ തിരക്കുകയാണെന്നാണ് കരുതിയത്. പന്നീടാണ് മനസ്സിലായത് തിലകന്റെ കാര്യമാണെന്ന്. ''താല്‍പ്പര്യമുണ്ടോ? താല്‍പ്പര്യമുള്ളവര്‍ക്ക് ആകാം. ഞങ്ങള്‍ തടയുന്നില്ല. പിന്നെ ഒന്നൊന്നര വര്‍ഷം കഞ്ഞികുടി മുട്ടിച്ചു എന്നുള്ളത് ശരിയാ.പക്ഷേ അതുകൊണ്ടെന്താ ഇനി ചാകരയല്ലിയോ വരുന്നേ.....'' 

തിലകനെ വച്ച് സിനിമചെയ്യണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുള്ളവര്‍ക്ക് ഇനി സിനിമ ചെയ്യാം എന്നാണ് ഫെഫ്ക പറയുന്നത്. പക്ഷേ പുറത്താക്കിയ അമ്മയില്‍ തിലകന്‍ തിരികെ കയറിയിട്ടില്ല. അതുകൊണ്ട് അമ്മയും അച്ഛന്‍മാരും മക്കളും സഹകരിക്കുമോ എന്ന് ചോദിക്കരുത്. പിന്നെ ഫെഫ്കയുടെ മനം മാറ്റത്തിന് എന്താണ് കാരണം എന്നുചോദിച്ചാല്‍ അറിയില്ല. 

കുറിപ്പ്: ശാര്‍ക്കര ക്ഷേത്രത്തില്‍ നാടകം അവതരിപ്പിക്കാന്‍ വന്ന തിലകന്‍ കുഴഞ്ഞുവീണ് ആശുപത്രിയിലായി. അപ്പോഴാണെന്ന് തോന്നുന്നു ഈ സിനിമാക്കാര്‍ക്ക് ലൈറ്റ് തെളിഞ്ഞത്. ഇത്രയും വയസ്സായ തിലകന് ഇനി ഒരുപക്ഷേ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ദുഃഖം പങ്കുവയ്ക്കാനെന്നും പറഞ്ഞുകൊണ്ട് ഈ സമയത്ത് സിനിമാക്കാര്‍ അങ്ങോട്ടെങ്ങാനും ചെന്നു കയറിയാല്‍ നാട്ടുകാരും പ്രേക്ഷകരും ചിലപ്പോള്‍ അവരെ പങ്കുവയ്ക്കും. പിന്നെ അന്യോന്യം ദുഃഖങ്ങള്‍ പങ്കുവയ്‌ക്കേണ്ടി വരും. അതിനുള്ള അവസരം ഉണ്ടാക്കാതിരിക്കുന്നതല്ലേ നല്ലത്.

അങ്ങനയാണെങ്കില്‍ അമ്മയുടെ വിലക്കും ഉടനെ തീരും. 

ഓടുന്ന നായ്ക്ക് ഒരുമുഴം മുമ്പേ....

No comments:

Post a Comment