Monday, May 2, 2011

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്: സമൂഹത്തിന് നേരെ പിടിച്ച കണ്ണാടി

വര്‍ത്തമാനകാല സമൂഹത്തിന് നേരെ പിടിച്ച കണ്ണാടി. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിനെപ്പറ്റി ചുരുക്കി ഇങ്ങനെ പറയാം. വളരെക്കാലത്തിന് ശേഷം നല്ലൊരു മലയാള ചിത്രം കണ്ട പ്രതീതി ഈ ചിത്രം തരുന്നു. കുടുംബസമേതം കാണാന്‍ വരുന്നവര്‍ സംതൃപ്തിയോടുകൂടി സിനിമ കണ്ടിറങ്ങിപ്പോകുന്നതാണ് ഒരു ചിത്രത്തിനെ സംബന്ധിച്ച് വിജയത്തിന്റെ മാനദ്ഡത്തിന്റെ അടിസ്ഥാനമെങ്കില്‍ 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്' എന്ന ചിത്രത്തിന് അത് അവകാശപ്പെടാം. 

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റ തുടക്കത്തില്‍, സയന്‍സും സാങ്കേതികവിദ്യയും അതിന്റെ ഉച്ചസ്ഥയിയില്‍ നില്‍ക്കുന്ന ഈ സമയത്തും ഭക്തിയും അതിനോടനുബന്ധിച്ചുള്ള ആള്‍ ദൈവങ്ങളും സമൂഹത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്കാണ് പ്രിയനന്ദനന്‍ തന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. നെയ്ത്തുകാരനും പുലിജന്മവും ഉയര്‍ത്തിവിട്ട സാമൂഹിക പ്രസക്തി ആര്‍ട്ട് സിനിമയിലൂടെ മാത്രമല്ല കൊമേഴ്‌സ്യല്‍ സിനിമയിലൂടെയും തനിക്ക് പ്രതിഫലിപ്പിക്കാനാകും എന്ന് പ്രിയനന്ദനന്‍ ഈ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുന്നു. അതിന്റെ ഒരു തുടക്കം നാം സൂഫി പറഞ്ഞ കഥയിലൂടെ കണ്ടതാണ്. ഈ ചിത്രത്തിന് രഞ്ജിത്തിന്റെ കഥയില്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് പി. മനോജാണ്. 

വഴിയോരത്ത് ഹോട്ടല്‍ നടത്തി ജീവിക്കുന്ന സുമ എന്ന സുമംഗലയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചിലമാറ്റങ്ങള്‍ സമൂഹത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന പ്രമേയമാണ് പ്രിയനന്ദനന്‍ ഇവിടെ പറയുന്നത്. കാലികപ്രസക്തിയുള്ള ഈ സിനിമയില്‍ എടുത്തുപറയാവുന്ന പ്രത്യേകത കാവ്യയുടെ അഭിനയത്തികവാണ്. ഒരു വീട്ടമ്മയുടെ വേഷം അതിന്റെ എല്ലാ സ്വാഭാവികതകളോടും കൂടി ഭംഗിയായി കാവ്യ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. വര്‍ത്തമാനസമൂഹത്തില്‍ ഒരു ഒരു സാധാരണ വീട്ടമ്മയുടെ ജീവിതം വളരെ തികവേടെ കാവ്യ ചെയ്തിരിക്കുന്നു. ഗദ്ദാമ്മയ്ക്ക് (ഞാന്‍ കണ്ടില്ല) ശേഷം കിട്ടിയ ശക്തമായ വേഷം കാവ്യയ്ക്ക് ഈ വര്‍ഷം ഗുണം ചെയ്യും എന്നുതന്നെ കരുതാം. 

ഭക്തിയും ആള്‍ദൈവവും മാത്രമല്ല ഈ സിനിമയില്‍ കൂടി പ്രേക്ഷകരോട് സംവദിക്കുന്നത്. മദ്യപാനവും അത് കുടുംബത്തില്‍ ചെലുത്തുന്ന സ്വാധീനവുമൊക്കെ ഈ സിനിമയില്‍ കൂടി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസിലെ അഴിമതിയും അതിലിടപെടുന്ന രാഷ്ട്രീയത്തിന്റെ കരങ്ങളും പ്രിയനന്ദനന്‍ അതിഭാവുകങ്ങളില്ലാതെ പ്രേക്ഷകര്‍ക്ക് കാണിച്ചുതരുന്നു. കഥയും തിരക്കഥയും സൂക്ഷ്മതയോടുള്ള സംവിധാനവും കൂട്ടിയെടുക്കുമ്പോള്‍ കിട്ടുന്ന നല്ലസിനിമയെന്ന തുകയാണീച്ചിത്രം എന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. 

മരുതപുരം എന്ന ഗ്രാമത്തില്‍ ഹൈവേയ്ക്ക് സമീപം േഹാട്ടല്‍ നടത്തുകയാണ് സുമംഗല (കാവ്യ). സുമംഗലയുടെ ഭര്‍ത്താവ് വിശ്വന്‍ (ഇര്‍ഷാദ്) കേരള ജല അതോറിറ്റിയില്‍ ഉദ്യോഗസ്ഥനാണ്. രണ്ടുകുട്ടികളും വിശ്വന്റ അമ്മയുമാണ് (വനിത) ആ കുടുംബത്തിലുള്ള മറ്റുള്ളവര്‍. അയല്‍ക്കാരായ ഓട്ടോക്കാരന്‍ രാമന്‍നായരും ഭാര്യയും അവര്‍ക്ക് വലിയൊരു സഹായമാണ്. വിശ്വന്റെ മാസ ശമ്പളം ചിട്ടിയും ലോണുമൊക്കെ കഴിഞ്ഞാല്‍ സത്യത്തില്‍ ഒന്നിനും തികയാറില്ല. അതുകൂടാതെയാണ് വിശ്വന്റെ മദ്യപാനം. രാവിലെ ക്ഷേത്രത്തിലൊക്കെ പോയി കുറിയും തൊട്ട് ഓഫീസില്‍ പോകുന്ന വിശ്വന്‍ മദ്യപിച്ച് ലക്കില്ലാതെയാണ് ദിവസവും വീട്ടിലെത്തുന്നത്. 

വിശ്വന്റെ തറവാട്ട് ദൈവമായ കമ്പക്കാട്ടമ്മയ്ക്ക് എന്നും വിളക്കുവയ്ക്കുന്ന പതിവ് വിശ്വനുണ്ട്. കുടിച്ചു കഴിഞ്ഞാല്‍ വിശ്വന്‍ മറ്റൊരാളാണ്. സത്യസന്ധനായ വിശ്വന്റെ ഉള്ളില്‍ ഒതുക്കിവച്ചിരിക്കുന്ന അനിതിയോടുള്ള പ്രതിഷേധവും േദഷ്യവുമൊക്കെ അറിയാതെ പുറത്ത് ചാടും. ഇത് പലപ്പോഴും പലപ്രശ്‌നങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. പക്ഷേ കുടിക്കാതിരുന്നാല്‍ സൗമ്യനും സ്‌നേഹ സമ്പന്നനുമാണ് വിശ്വന്‍. 

സത്യത്തില്‍ സുമംഗലയും കുടുംബവും നടത്തുന്ന ഹോട്ടലിലൂടെയാണ് വീട്ടുകാര്യങ്ങള്‍ പലപ്പോഴും നടന്ന് േപാകുന്നത്. ഈ ഹോട്ടലിന്റെ നിലനില്‍പ്പുതന്നെ ഭീഷണിയാകുന്ന ഒരു ഘട്ടമാണ് ഇപ്പോഴുള്ളത്. പക്ഷേ വിശ്വന് ഇതിലൊന്നും യാതൊരു ശ്രദ്ധയുമില്ല. ഇതെല്ലാം നോക്കി ജീവിതം ഒരുവിധം മുന്നോട്ട് കൊണ്ട് പോകുന്ന ചുമതല സുമംഗലയ്ക്കാണ്. ചുരുക്കത്തില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി നേര്‍ക്ക്‌നേര്‍ നിന്ന് പൊരുതുന്ന ഒരു വ്യക്തിത്വത്തെ കാവ്യയിലൂടെ ഈ സിനിമയില്‍ ദര്‍ശിക്കാം.  

മദ്യപാനം വലിയൊരു പ്രശ്‌നമായി മാറുമ്പോള്‍ അതില്‍ നിന്നും വിശ്വനെ പിന്തിരിപ്പിക്കാന്‍ സുമ കണ്ടെത്തുന്ന മാര്‍ഗ്ഗമാണ് കമ്പക്കാട്ടമ്മ ദേഹത്ത് കയറിയതായുള്ള അഭിനയം. ഇത് പലരേയും കമ്പക്കാട്ടമ്മയുടെ അവതാരമായി സുമയെ കാണുവാന്‍  പ്രേരിപ്പിക്കുന്നു. ആയിടയ്ക്ക് സ്ഥലത്തെത്തുന്ന വിശ്വന്റെ അമ്മാവനും (കലാഭവന്‍മണി) ഇതിന് യാഥാര്‍ത്ഥ്യത നല്‍കി പെരുപ്പിച്ചെടുക്കുന്നു. വിശ്വന്‍ അതോടുകൂടി മദ്യപാനമെല്ലാം അവസാനിപ്പിച്ച് നല്ലൊരു വ്യക്തിയാകുകയും ചെയ്യുന്നു. പക്ഷേ ആ മാറ്റത്തിന് ആയുസ്സ് കുറവായിരുന്നു. സ്ഥലമാറ്റത്തിന്റെ പ്രശ്‌നവുമായി മദ്യപിച്ച് സ്ഥലം എം.എല്‍.എയുമായി കോര്‍ക്കുന്ന വിശ്വന്‍ പോലീസ് പിടിയിലാകുന്നു. അതോടുകൂടി ആ കുടുംബത്തില്‍ പ്രശ്‌നങ്ങളുടെ തുടക്കവും. 

എം.എല്‍.എ യെ വിശ്വന്‍ മര്‍ദ്ദിച്ചതറിഞ്ഞ് ഹോട്ടല്‍ തകര്‍ക്കാന്‍ സ്ഥലത്തെത്തുന്ന പാര്‍ട്ടിപ്രവര്‍ത്തകരില്‍ നിന്നും രക്ഷപ്പെടുവാന്‍ സുമ വീണ്ടും ഒരിക്കല്‍കൂടി ദൈവമാകുന്നു. പക്ഷേ അതോടുകൂടി അവരുടെ ജീവിതത്തിന്റെ ഗതിതന്നെ മാറമറിയുന്നു. 

ഇന്ന് ഏറ്റവുംകൂടുതല്‍ വിപണനമൂല്യമുള്ള ഭക്തിമാര്‍ഗ്ഗത്തില്‍ നടക്കുന്ന ചൂഷണത്തെ അതിന്റെ എല്ലായാഥാര്‍ത്ഥ്യ ബോധത്തോടും കൂടി തുറന്ന് കാണിച്ചിരിക്കുന്നത് നമുക്ക് ഈ സിനിമയിലൂടെ കാണാനാകും. ഇന്നത്തെ സാഹചര്യത്തില്‍ ആള്‍ദൈവങ്ങള്‍ക്ക് സമൂഹത്തിലുള്ള സ്വാധീനം, അവരുടെ പിന്നിലുള്ള ചരടുവലികള്‍, എന്തുകൊണ്ട് കാശുണ്ടാക്കുവാന്‍ പലരും ഭക്തിമാര്‍ഗ്ഗം തിരഞ്ഞെടുകകുന്നു എന്നീ ചോദ്യങ്ങള്‍ക്ക് വിശദമായി ഈ ചിത്രം ഉത്തരം നല്‍കുന്നു. രാഷ്ട്രീയക്കാരുടെ പരസ്യമായ ഭക്തിവിരുദ്ധതയും രഹസ്യമായ ആരാധനയും ചിലസ്ഥലങ്ങളില്‍ നമ്മെ ചിരിപ്പിക്കുക തന്നെ ചെയ്യും. ആള്‍ദൈവങ്ങളായി മാറുന്നവരുടെ വിഷമങ്ങളും, സ്വന്തം ദുഃഖം മറന്ന് അന്യന്റെ ദുഃഖം തീര്‍ക്കാന്‍ കൊടുക്കുന്ന ഉപദേശങ്ങളും നമ്മെ ചിന്തിപ്പിക്കുന്നവയാണ്. 

നായകനായ ഇര്‍ഷാദും കാവ്യയും വനിതയും കലാഭവന്‍മണിയുമൊക്കെ മത്‌സരിച്ചഭിനയിച്ചിരിക്കുന്നു എന്നുതന്നെ പറയാം. തനിക്ക് കിട്ടുന്ന റോളുകള്‍ പരമാവധി ബോറാക്കിക്കൊണ്ടിരിക്കുന്ന ജഗദീഷ് വരെ തന്റെ വേഷം ഭംഗിയായി ചെയ്തിരിക്കുന്നു. വന്നുപോകുന്ന താരങ്ങളും നമ്മെ ഒട്ടും മടുപ്പിക്കുന്നില്ല.


ക്ലൈമാക്‌സിനേക്കാള്‍ നമ്മള്‍ ഏറെ ഇഷ്ടപ്പെടുന്നത് ആന്റീക്ലൈമാക്‌സാണ്. ഭക്തിമാര്‍ഗ്ഗം വിട്ടൊഴിഞ്ഞവരെ വിട്ടുപോകാത്ത ജനങ്ങളാണ് ഇന്നത്തെ സമൂഹത്തിന്റെ യഥാര്‍ത്ഥശാപം എന്ന് ചിത്രം അടിവരയിട്ടുപറയുന്നു. 

കുറിപ്പ്: ടെന്‍ഷനടിപ്പിക്കാത്ത താരങ്ങളും കഥയും അതിനൊത്ത തിരക്കഥയുമാണ് ഒരു നല്ല സിനിമ ചെയ്യുവാന്‍ സംവിധായകന് വേണ്ടത്. അത് ഇവിടെ പ്രിയനന്ദനന് ഉണ്ടായിരുന്നു. ഫലം ഇവിടെ നല്ലൊരു ചിത്രം പിറന്നു. 

ഒരുപക്ഷേ ഏതെങ്കിലും അറിയപ്പെടുന്ന താരം (പോപ്പുലര്‍... കലാഭവന്‍ മണിയൊഴിച്ച്) ഇതില്‍ അഭിനയിച്ചിരുന്നെങ്കില്‍ സിനിമയുടെ ഗതി തന്നെ മാറിപ്പോയേനേ.

8 comments:

  1. At last priyan said it. Congrats to the team of Bhakthajanangalude Shraddakku.

    ReplyDelete
  2. എന്തായാലും സിനിമ കണ്ടിട്ട് ബാക്കി പറയാം.. കൃഷ്ണനും രാധയും പ്രൊമൊ യൂ ട്യൂബിൽ കണ്ടതിൽ പിന്നെ ആ പടം കണ്ടെ ഇനി സിനിമ കാണുന്നുള്ളൂ എന്ന് വിചാരിച്ചിരിക്ക്യാ ഞാൻ അതിനിടയിൽ ഒട്ടും വാണിജ്യ പ്രാധാന്യമില്ലാത്ത ഇത്തരം പടങ്ങൾ എന്തിനാ.. ജോഷിയേട്ടന്റെ പോലെ എല്ലാരെം വെറുതെ വെടി വച്ച് ചിരിച്ച് പോകുന്ന നായകന്മാർ വരട്ടെ.. ബൊംബെ അധൊലൊകത്തിന്റെ നിയന്ത്രണം കയ്യിലുണ്ടെങ്കിലും കുടുംബത്തിനു വേണ്ടി മാത്രം ജീവിക്കുന്ന അബദ്ധവശാൽ അധോലോക രാജാവാകേണ്ടി വന്ന കുഞ്ഞാടുകളൂടെ കഥ അതാണ് നമുക്ക് വേണ്ടത് അതിലല്ലേ വ്യത്യസ്ഥത ഉള്ളത്..

    ReplyDelete
  3. Good Review. I have not seen the picture in total barring some clippings and above review. This picture seems to be a turning point in malayalam film. Let me see the film in screen. Until then no comments.

    ReplyDelete
  4. nalla cinimakal ennum nammudea (njaan adakkamulla )janam sweekarichittundoo..?

    ReplyDelete
  5. Last film Soofi Paranjja katha was a disappointment for those who read the novel, so I am seeing this film only if Ratheesh guarantee a money back if I am not satisfied.

    Otherwise I will bomb this blog

    ReplyDelete
  6. നിതിന്‍... ഞാനൊരു ബുദ്ധി ജീവിയല്ല. നൂറ് ആള്‍ക്കാള്‍ ഈ സിനിമ കാണുമ്പോള്‍ 98 പേര്‍ക്കും ഈ പടം ഇഷ്ടപ്പെടും. ബാക്കി 2 പേര്‍ക്ക് ഇഷ്ടപ്പെടില്ല. കാരണമറിയാമല്ലോ. അവര്‍ക്ക് ബൗദ്ധികപരമായ ചിന്തകള്‍ക്ക് ്രപാധാന്യം നല്‍കുന്ന പടമായിരിക്കണം. നമുക്കങ്ങനയല്ല... കണ്ടാല്‍ ''ങാ.. ഇതുകൊള്ളാം.. കുഴപ്പമില്ല'' എന്ന് തോന്നുന്ന പടമൊക്കെ നമുക്ക് നല്ല പടമാണ്. അത്രയേ വേണ്ടു. നമ്മള്‍ അത്രയേ പ്രതീക്ഷിക്കാവൂ... എന്തായാലും നിതിന്‍ പോയി കണ്ടു നോക്ക്... അഭിപ്രായം എന്തായാലും അറിയിക്കണേ...

    കമന്റിട്ട എല്ലാവര്‍ക്കും നന്ദി...

    ReplyDelete
  7. VISVASANGALEKAL ANDHA VISVASANGALKUM MANUSHA DAIVANGALKUM PRIYAKOODI VARUNNA EE KALATH ,,PRATHIKARIKUNNAVAR OTTA PEDUNNU ,ENKILUM NJAAN NINNODOPAMUND NAMUK KAIKORTH PRATHIKARIKKAM ,BUT ANAVASHAM PARAYARUTH,PARAYUNNATH AAVASHAMAVATTEEE,ENNA PRATHANAYODE ,

    ReplyDelete
  8. ratheesh,

    prameyathinte nanma nokki cinemaye alakkaruthu. oru chalchitram enna nilayil parajayamnu ee padam. vikalamaya aghyana shylikalum, enakkamillatha kadayum padathe avolam boradippichu. "budi jeevi" padam venamennilla, pakshe parayunna karyathodu neethi pularthanam.
    binu arackal

    ReplyDelete