Wednesday, May 25, 2011

ചലച്ചിത്ര അവാര്‍ഡ് മാറ്റി പ്രഖ്യാപിക്കും...

ഇത് അനീതി തന്നെയാണ്. ഇന്ത്യന്‍ സിനിമ എന്താണെന്ന് പോലും അറിയാത്ത കുറേ മന്ദബുദ്ധികള്‍ ജൂറി എന്ന വിശേഷനാമവുമണിഞ്ഞ് തോന്നിയവര്‍ക്ക് അവാര്‍ഡ് വീതം വച്ച് കൊടുത്താല്‍ അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ലോക സിനിമയും ഇന്ത്യന്‍ സിനിമയും എങ്ങനെയെടുക്കണമെന്ന് വെറും മലയാള സിനിമയിലൂടെ മാലോകര്‍ക്ക് പറഞ്ഞുകൊടുത്ത ഒരു പ്രതിഭ അദ്ദേഹത്തിന്റെ ചിത്രവുമായി മത്സരിക്കുവാന്‍ വന്നപ്പോള്‍ അതിനെ നിങ്ങള്‍ കാലുവാരി തൂക്കിയടുത്ത് തറയിലടിച്ചുകളഞ്ഞത് പച്ചയായിപ്പറഞ്ഞാല്‍ അനീതി തന്നെയാണ്.  

പറട്ട ജൂറികളെ, നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. ഈ പ്രതിഭയ്ക്ക് സ്വന്തം ചിത്രവുമായി മത്സരിക്കേണ്ട ആവശ്യമില്ലായിരുന്നു. പിന്നെ എല്ലാം അതിന്റെ രീതിയില്‍ പോകട്ടെ എന്നു വച്ചുമാത്രം വന്നതാണ്. ഇദ്ദേഹത്തിന്റെ ചിത്രമുണ്ടെന്ന് പറഞ്ഞാല്‍ വിദേശ രാജ്യങ്ങളില്‍ മത്സരം പോലും നടത്താറില്ലെന്ന് ഈ അവസരത്തില്‍ നിങ്ങള്‍ ഓര്‍ക്കണം. ഇന്ത്യന്‍ സിനിമയും മലയാള സിനിമയും നിലനില്‍ക്കുന്നതുതന്നെ വര്‍ഷത്തിലൊരിക്കലെങ്കിലും ഇദ്ദേഹത്തിന്റെ സിലിമ ഇറങ്ങുന്നതുകൊണ്ടാണെന്ന് എന്തുകൊണ്ട് ജൂറികളേ നിങ്ങള്‍ മനസ്സിലാക്കുന്നില്ല?

ഇത്രയൊക്കെ പറഞ്ഞതില്‍ നിന്നും പ്രതിഭയാരെന്ന് സിനിമയെ അറിയുന്നവര്‍ക്കെല്ലാം മനസ്സിലായിക്കാണുമല്ലോ? എന്റെ ചോദ്യമിതാണ്. രഞ്ജിത് എന്ന ...... യുടെ (ഈ പ്രതിഭയെ വിശേഷിപ്പിക്കുവാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് അറിയാവുന്ന ഏറ്റവും മഹത്തരമായ വാക്കുകള്‍ ഉപയോഗിച്ച് ഇവിടെ പൂരിപ്പിച്ചുകൊള്ളുക) മാസ്റ്റര്‍ പീസായ (കഴിഞ്ഞവര്‍ഷവും ഒരു മാസ്റ്റര്‍ പീസുണ്ടായിരുന്നു. ഈ വര്‍ഷം വേറൊന്ന്. അതിങ്ങനെ മാറിക്കൊണ്ടിരിക്കും) പ്രാഞ്ചിയേട്ടനെ അവതരിപ്പിച്ച ശ്രീമാന്‍ മമ്മുക്കയുള്ളപ്പോള്‍ പിന്നെ എന്തിന് സലീംകുമാറിന് ദേശിയ അവാര്‍ഡ് കൊടുത്തു?

മലയാളം വലിയൊരു വിഭാഗം ജനങ്ങളുടെ ഭാഷയാണെന്നും അതിന്റെ പിതാവ് എന്ന് സാങ്കേതികമായി അറിയപ്പെടുന്നത് എഴുത്തച്ഛനാണെന്നുമാണ് ചെറിയ ക്ലാസ്സുകളില്‍ നാം പഠിച്ചിട്ടുള്ളത്. അങ്ങനെ മലയാള ഭാഷയ്ക്ക് ഒരു പിതാവിനെ ചരിത്രകാരന്‍മാര്‍ കൊടുത്തിട്ടുണ്ടെങ്കില്‍ മലയാള സിനിമയ്ക്കും ഒരു പിതാവിനെ കൊടുക്കണം. അത് താനാകണം എന്ന് പറയാതെ പറയുകയാണ് സംവിധായകന്‍ ശ്രീ. രഞ്ജിത്ത്. സ്വന്തം സിനിമ മത്സരത്തിന് വന്നാല്‍ ശേഷം വേറെ ഒരു ചിത്രത്തിനും അവിടെ പ്രസക്തിയില്ല. രഞ്ജിത്ത് സിനിമയെടുക്കുന്നത് വെറുതെയല്ല. ആള്‍ക്കാര്‍ കാണണം. അവാര്‍ഡും കിട്ടണം. അതാണ് രഞ്ജിത്തിന്റെ ലോകനീതി. 

നടന്റെ പ്രകടനം നോക്കിയാണ് അവാര്‍ഡ് കൊടുത്തിരുന്നെങ്കില്‍ മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന് ഇത്തവണത്തെ അവാര്‍ഡ് കിട്ടുമായിരുന്നെന്നാണ് രഞ്ജിത്ത് പറഞ്ഞിരിക്കുന്നത്. സലീംകുമാറിന് അവാര്‍ഡ് കൊടുത്തത് കഥാപാത്രത്തിന്റെ ദുഃഖഛായയ്ക്കാണെന്ന് ഒരു കണ്ടുപിടുത്തവും രഞ്ജിത്ത് നടത്തിയിരിക്കുന്നു. 'പ്രാഞ്ചിയേട്ടന്‍ ഒരു സംഭവാട്ട്വേ' എന്ന് രഞ്ജിത്തിന് തോന്നാം. പക്ഷേ നമുക്കത് തോന്നുന്നില്ല. കാരണം കഴിഞ്ഞവര്‍ഷം ഈ പ്രാഞ്ചിയേട്ടന്‍ മാത്രമല്ല മലയാളത്തില്‍ ഇറങ്ങിയത്. 

സലീംകുമാറിന്റെ പ്രകടനം ഞങ്ങള്‍ കണ്ടിട്ടില്ല. പക്ഷേ അച്ഛനുറങ്ങാത്തവീട് എന്ന ചിത്രത്തെ അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ ഈ ചിത്രത്തിലേത് ഒട്ടും മോശമാവില്ലായെന്ന് ഉറപ്പുണ്ട്. മാത്രമല്ല ജെ.പി. ദത്ത ഉള്‍പ്പെടെയുള്ള ജൂറിയംഗങ്ങള്‍ വെറും മണ്ടന്‍മാര്‍ ആണെന്ന് രഞ്ജിത്ത് കരുതുംപോലെ പ്രേക്ഷകര്‍ക്ക് കരുതാന്‍ സാധിക്കില്ലല്ലോ. ജെ. പി. ദത്ത ബോളിവുഡിലെ മേജര്‍ രവിയാണെന്ന് താങ്കള്‍ പറയുമ്പോള്‍ അതിനുള്ളിലുള്ള വികാരമെന്താണെന്ന് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകും. മേജര്‍രവി നാലുചിത്രങ്ങളെടുത്തതില്‍ ഭൂരിഭാഗവും പരാജയമായിരുന്നെങ്കിലും അതിലെല്ലാം ദേശസ്‌നേഹം എന്ന വികാരം പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ സിനിമ തീരുമ്പോള്‍ രഞ്ജിത്ത് ആന്‍ഡ് ക്ര്യൂ എന്ന് എഴുതിക്കാണിച്ച താങ്കളുടെ റോക്ക് ആന്‍ഡ് റോള്‍, പ്രജാപതി തുടങ്ങിയ ചിത്രങ്ങള്‍വഴി എന്ത് കോപ്പാണ് പ്രേക്ഷകരുമായി താങ്കള്‍ സംവദിച്ചത്? ബോര്‍ഡര്‍ എന്ന ഒറ്റച്ചിത്രം മതി ജെ.പി യുടെ ടാലന്റ് അറിയാന്‍. ആ ചിത്രം എന്തായാലും രഞ്ജിത് കണ്ടുകാണില്ല. കണ്ടെങ്കില്‍ രഞ്ജിത് അത് പറയില്ല.  

രഞ്ജിത് എന്നു പറയുന്ന വ്യക്തിക്ക് മോഹന്‍ലാലുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ മമ്മൂട്ടിയുടെ കൂടെക്കൂടി സിനിമകളിറക്കിയിട്ട് അതെല്ലാം പ്രേക്ഷകരും അവാര്‍ഡ് ജൂറികളും അംഗീകരിക്കണമെന്ന് പറഞ്ഞാല്‍ (മോഹന്‍ലാലിനെ തോല്‍പ്പിക്കാന്‍ വേണ്ടി മാത്രം) അത് നടക്കുന്നകാര്യമല്ല രഞ്ജിത്തേ. സലീംകുമാര്‍ എന്ന നടന്‍ അര്‍ഹിക്കുന്ന അവാര്‍ഡ് അദ്ദേഹത്തിന് കിട്ടി. അതില്‍ അസൂയപ്പെട്ടിരിക്കാതെ ഇന്ത്യ റുപ്പിയില്‍ യങ്ങ് സൂപ്പര്‍ സ്റ്റാറിന് നല്ല അഭിനയമഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ഒരവാര്‍ഡ് വാങ്ങിക്കൊടുക്ക്. കാണട്ടെ മിടുക്ക്. 

ദുഃഖഛായയ്ക്കാണ് അവാര്‍ഡ് കൊടുത്തത്തെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ഈ പറയുന്ന ദഃഖഛായയ്ക്കും ഏറ്റവും നല്ല നടിക്കുള്ള ഒരവാര്‍ഡ് കൊടുത്തിരുന്നു. അതും കൂടി പറയണം. എങ്കിലേ പൂര്‍ണ്ണമാകൂ. അന്ന് നന്ദനം എന്ന് പറയുന്ന ചിത്രത്തില്‍ കരഞ്ഞു കരഞ്ഞു നടന്ന നവ്യയ്ക്കാണ് അവാര്‍ഡ് കിട്ടിയതെന്ന് പറഞ്ഞാല്‍ താങ്കള്‍ അത് സമ്മതിക്കുമോ? എന്തായാലും അതിലും ഭേദമായിരിക്കില്ലേ സലീംകുമാറിന്റെ ഈ അവാര്‍ഡ് നേട്ടം. നന്ദനം എന്ന സിനിമയ്ക്ക് കിട്ടേണ്ട അവാര്‍ഡ് മുടക്കി എന്ന് രഞ്ജിത്ത് പറഞ്ഞുകൊണ്ടു നടന്ന കെ.ജി.ജോര്‍ജ് ഇപ്പോള്‍ ജൂറിയില്‍ ഉണ്ടായിരുന്നെങ്കില്‍ പ്രാഞ്ചിക്ക് അവാര്‍ഡ് കിട്ടുമെന്ന് പറയുന്നതിന്റെ ഔന്നിത്യവും മനസ്സിലാകുന്നില്ല. മലര്‍ന്ന് കിടന്ന് മുകളിലേക്ക് തുപ്പുമ്പോള്‍ ഒരു നിമിഷം ആലോചിക്കണം... അത് മുഖത്ത് വീഴുമെന്ന്. 

ചുരുക്കിപ്പറഞ്ഞാല്‍ അവാര്‍ഡ് നിര്‍ണ്ണയം പുനഃപരിശോധിക്കണം. ആദമിന്റെ മകന്‍ അബുവിന് കിട്ടിയ അവാര്‍ഡ് പിന്‍വലിച്ച് പ്രാഞ്ചിയേട്ടന് കൊടുക്കണം. അതല്ലെങ്കില്‍ രഞ്ജിത് ഈ പരിപാടി (പടം പിടുത്തം) അങ്ങ് നിര്‍ത്തും. തന്റെയുള്ളില്‍ ഉറങ്ങുന്ന ആ മുറിവേറ്റ സിംഹത്തെ തട്ടിയുണര്‍ത്തിയാല്‍ പിന്നെ മലയാള സിനിമ എന്നു പറയുന്ന വിഭാഗം എന്താണെന്ന് അറിയാന്‍ വല്ല പഴയ സി.ഡി കടയും തേടി നടക്കേണ്ട് അവസ്ഥയുണ്ടാകും. 

ഒരു പാലേരിമാണിക്യവും പ്രാഞ്ചിയേട്ടനും എടുത്തതുകൊണ്ട് മലയാള സിനിമ മുഴുവന്‍ കൈക്കുള്ളിലായെന്ന് വിശ്വസിക്കുന്നവര്‍ പൊട്ടക്കിണറ്റില്‍ കിടക്കുന്ന തവളയ്ക്ക് തുല്യമാണ്. സ്വന്തം സിനിമ അംഗീകരിക്കപ്പെടാത്തതിനാല്‍ മറ്റുള്ള സിനിമകളും മോശം എന്ന് പറഞ്ഞ് കഴിവുള്ളവരെ അംഗീകരിക്കാത്ത നിലപാട് പ്രേക്ഷകര്‍ തള്ളിക്കളയും. കല്ല്യാണത്തിന് വിളിക്കാന്‍ മനസ്സില്ലായിരുന്നു എന്നു പറഞ്ഞു നടന്ന ഒരാള്‍ കഴിഞ്ഞയാഴ്ച പത്രസമ്മേളനം നടത്തി പറ്റിപ്പോയി... ക്ഷമിക്കണം എന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ?

9 comments:

 1. തുറന്ന അഭിപ്രായം...രഞ്ജിത്തിന്റെ പ്രതിഭയുടെ കാര്യത്തിൽ സംശയമൊന്നുമില്ല...എന്നാൽ പ്രാഞ്ചിയെട്ടൻ അത്ര മഹത്തായ സിനിമ ഒന്നുമല്ല.

  ReplyDelete
 2. തകർത്തൂട്ടോ ഗഡ്ഡ്യേ..!

  എങ്കിലും രജ്ഞിത്ത് പ്രതിഭ തന്നെയാണ്, അതിൽ സംശയമില്ല. പക്ഷെ ഈ പറഞ്ഞതൊക്കെയും ശരി തന്നെ.
  ചങ്കൂറ്റത്തിന് 100 മാർക്ക്.

  ReplyDelete
 3. മമ്മൂക്കയെ കൊണ്ട്‌ റിബേറ്റ്‌ നിരക്കില്‍ അടുത്ത പടത്തില്‍ അഭിനയിപ്പിക്കാന്‍ ഒരു നമ്പര്‍ ഇറക്കിയതല്ലേ രന്‍ ജിത്‌, അതിനു രതീഷ്‌ ഇങ്ങിനെ ചൂടാവുന്നതെന്തിനു?

  ടീ വീ ചന്ദ്രന്‍ എവിടെ പുള്ളി ഒന്നും പറഞ്ഞില്ല

  ജേ പീ ദത്ത അത്ര മോശക്കാരന്‍ അല്ല രാജ്‌ കപൂറിണ്റ്റെ അസിസ്റ്റണ്റ്റ്‌ ആയി പണി തുടങ്ങിയതാണു ബോര്‍ഡര്‍ റെഫ്യൂജി അങ്ങിനെ വല്ലപ്പോഴുമേ പടം എടുക്കു, മേജര്‍ രവി എവിടെ കിടക്കുന്നു ജേ പീ ദത്ത എവിടെ

  സൂപ്പറുകള്‍ക്കാണു നാഷണല്‍ അവാര്‍ഡ്‌ കിട്ടാറുള്ളത്‌ നെടുമുടി, തിലകന്‍ എന്നിവറ്‍ക്കു കിട്ടിയിട്ടുമില്ല പലപ്പോഴും അണ്‍ലക്ക്‌ അല്ലെങ്കില്‍ പാര വയ്പ്‌ കൊണ്ട്‌ കിട്ടാതെ പോകുന്നതാണു അല്ലെങ്കില്‍ പെരുന്തച്ചനിലെ തിലകന്‍ എന്താ അഭിനയം അഭിനയമല്ലല്ലോ അതു കഥാപാത്രമായി പകര്‍ന്നാടുകയല്ലേ?

  ദിലീപ്‌ പറഞ്ഞതാണു ശരി മലയാളി ജൂറി ഇല്ലാത്തതിനാല്‍ സലിം കുമാറിനു കിട്ടി

  മാമുക്കോയ ശങ്കരാടി ഒടുവില്‍ ഇവര്‍ക്കൊക്കെ കിട്ടേണ്ടതായിരുന്നു ഏതായാലും സലിം കുമാറിനു ലക്കടിച്ചു

  പക്ഷെ ആ പുതുമുഖ സംവിധായകനെ അവഗണിച്ചു ഇലക്ര്‍ടക്കു ശ്യാമ പ്രസാദിനെ സം വിധായകന്‍ അവാര്‍ഡ്‌ കൊടുത്തതെന്തിനു?

  പത്തനാപുരത്ത്‌ ബീ ജേ പി വോട്ട്‌ കിട്ടിയതിനുള്ള കടപ്പാടോ?

  ReplyDelete
 4. പ്രഞ്ചിയെട്ടന്‍ കൊള്ളാമായിരുന്നു.. രണ്ടര മണികൂര്‍ കണ്ടിരിക്കാം..
  പ്രാഞ്ചിയെട്ടനിലെ അഭിനയം മഹത്തരമായി തോന്നിയില്ല... ഇത് ദേശിയ അവാര്‍ടല്ലേ, വേറെ എത്രയോ ഭാഷകളില്‍ എത്രയോ മെച്ചപ്പെട്ട സിനിമകള്‍ കിടക്കുന്നു... കിട്ടാന്‍ സ്കോപ് ഉണ്ടായിട്ടു തട്ടി പോയെങ്ങില്‍ വേണ്ടില്ല.. ഇതിപ്പോ സിനിമേടെ abcd അറിയാത്ത എനിക്ക് പോലും തോന്നി പ്രാഞ്ചിയേട്ടന് അവാര്‍ഡ്‌ കിട്ടിലാന്നു..

  ReplyDelete
 5. രഞ്ജിത്തിനെ തള്ളിപ്പരയാനാവില്ല

  ReplyDelete
 6. പ്രാഞ്ചിയെട്ടന്‍ നല്ല ചിത്രമായിരുന്നു.എന്നാല്‍ അവാര്‍ഡ് കിട്ടത്തക്ക മഹത്തായ അഭിനയമൊന്നും മമ്മൂട്ടി അതില്‍ കാഴ്ച വെച്ചിട്ടില്ല..അതിലും നല്ല ചിത്രം തീര്‍ച്ചയായും പാലേരി മാണിക്യം തന്നെയായിരുന്നു...സലിം കുമാര്‍ എന്ത് കൊണ്ടും ഈ അവാര്‍ഡ് നു അര്‍ഹാതപ്പെട്ടവാന്‍ തന്നെയാണ്....
  congraats to Salim Kumar..........

  ReplyDelete
 7. ചൂടുള്ള വാര്‍ത്തക്ക് വേണ്ടി എന്ത് തോനിയവാസവും ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ആണ് നമ്മുടെ നാട്ടില്‍ ഉള്ളത്... അങ്ങനെ ഉള്ള ഒരു ചോദ്യത്തിന് തന്റെ തനതായ ശൈലിയില്‍ രഞ്ജിത് മറുപടി കൊടുത്തു. അങ്ങനെ കണ്ടാല്‍ പോരെ.... അല്ലാതെ അതില്‍ രഞ്ജിത്തിനെ ഇങ്ങനെ ക്രൂശിക്കേണ്ട കാര്യം ഉണ്ടോ ...ഇന്നത്തെ സംവിധായകരില്‍ ഏറ്റവും പ്രതിഭയുള്ള ആളാണ്‌ അദ്ദേഹം ..ഒരു നിമിഷത്തെ വികാരതീവ്രതയില്‍ അങ്ങനെ പറഞ്ഞു പോയതാകാം...അതൊരിക്കലും രഞ്ജിത്തിന്റെ പ്രതിഭയെ ഇല്ലാതാക്കുനില്ല ...

  ReplyDelete