Monday, January 30, 2012

ശ്രീനിവാസനും മാങ്ങയുള്ള മാവും


മുന്‍കാലങ്ങളില്‍ ഹോളിവുഡില്‍ ഇറങ്ങിയ ക്ലാസിക് ചിത്രങ്ങളെ അതതു കാലങ്ങളില്‍ അടിച്ചുമാറ്റി കുറച്ചുമലയാളിത്തവും കേരളത്തനിമയും ചേര്‍ത്ത് പുഴുങ്ങി വറുത്ത് വായുംപൊളിച്ചരിക്കുന്ന പ്രേക്ഷകന്റെ വായിലേക്ക് തള്ളിത്തരുമ്പോള്‍ ആക്രാന്തം പിടിച്ച് നാവുതൊടാതെ അതുമുഴുവന്‍ വിഴുങ്ങി 'ഭയങ്കരം... വണ്ടര്‍ഫുള്‍... അസാദ്ധ്യം...' എന്നിങ്ങനെ തന്നവനെ പുകഴ്ത്തിയ ഞാനുള്‍പ്പെടെയുള്ളവര്‍ ഇന്ന് അതിന്റെയൊക്കെ ഒര്‍ജിനല്‍ കണ്ട് അന്തംവിട്ടിരിക്കുകയാണ്. സ്വന്തം കയ്യിലുള്ള മരുന്നുപയോഗിച്ചല്ല ഇത്രയും നാള്‍ താന്‍ വെടിവച്ചതെന്ന് പ്രേക്ഷകന് മനസ്സിലായെന്ന് തോന്നിയപ്പോള്‍ ശ്രീനിവാസന്‍ റൂട്ടൊന്നു മാറ്റിപ്പിടിച്ചു നോക്കുകയാണ്. റോള്‍ മോഡല്‍, തൊട്ടുമുമ്പ് ഇവിടെവന്ന് മണ്ടത്തരം കൊണ്ടുള്ള തോര്‍ത്തു വിരിച്ച് ചില്ലറയുമായിപ്പോയ നമ്മുടെയൊക്കെ സന്തോഷമുള്ള പണ്ഡിതനായ മണ്ടനും. 

മറവത്തൂര്‍ കനവുള്‍പ്പെടെയുള്ള മലയാള ചരിത്രം രേഖപ്പെടുത്തിയ ചിത്രങ്ങള്‍ വിദേശത്തുള്ള ഏവനോ ഒരുവന്‍ ഉറക്കമൊഴിഞ്ഞെഴുതിയ ചിത്രമാണെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലായത് വളരെ വൈകിയാണ്. പണ്ട് സിദ്ധിക്ക് ലാലിന്റെ കഥ മോഷ്ടിച്ച് ഈ പുള്ളിക്കാരനും അന്തിക്കാട്ടുകാരനുംകൂടി നാടോടിക്കാറ്റ് ചെയ്ത് വിവാദമായതും ഈയിടയ്ക്ക്് ചെയ്ത ഒരുനാള്‍വരും, കഥപയുമ്പോള്‍ തുടങ്ങിയവയുടെ യഥാര്‍ത്ഥ പിതാക്കന്‍മാര്‍ അന്വോഷിച്ചുവന്നതും എല്ലാം ഇതിന്റെ ഭാഗമായി വരും. ഇനിയൊരുകഥയ്ക്കും തിരക്കഥയ്ക്കുമൊന്നും തനിക്ക് ബാല്യമില്ലെന്നറിഞ്ഞുകൊണ്ടാണോ എന്തോ പുതിയ സൂത്രങ്ങളുമായി ശ്രീനിവാസന്‍ സരോജ്കുമാറിലൂടെ വീണ്ടും വന്നത്?

ഇതു വായിക്കുന്ന സാധാരണക്കാരായ നമ്മളിലൊരുവനെ വേറൊരാള്‍ ഒരു ദിവസം പത്തു തെറിപറഞ്ഞാല്‍-. ഒന്നുകില്‍ ഞാന്‍ തിരിച്ചുപറയും. അല്ലെങ്കില്‍ പറയുന്നവനെ രണ്ടു പൊട്ടിക്കും. ഞാന്‍ തിരിച്ചു തെറി പറഞ്ഞാലോ ഈ പറയുന്നവന് രണ്ടെണ്ണം കൊടുത്താലോ ഇതിന്റെ പേരില്‍ ഉടുതുണിയുരിഞ്ഞ് ഞാന്‍ റോഡില്‍ നൃത്തം ചെയ്താലോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കാണുന്നവര്‍ സാധാരണപോലെ കണ്ടുകഴിഞ്ഞ് അതങ്ങു മറക്കും. പക്ഷേ... നമ്മുടെ സ്ഥാനത്ത് മമ്മൂട്ടിയോ മോഹന്‍ലാലോ വി.എസോ, ഉമ്മന്‍ചാണ്ടിയോ അങ്ങനെ സമൂഹത്തിലോ, ഒരു പ്രത്യേക മേഖലയിലോ ഉള്ളവരാരെങ്കിലുമാണെങ്കിലോ? കുറച്ചുകാലം സമൂഹത്തില്‍ ഈ വിഷയം നിലനില്‍ക്കുകതന്നെ ചെയ്യും. അത്രയേ ഉദ്ദേശിച്ചുള്ള നമ്മുടെ ശ്രീനിയും. 

ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ഒരു ചിത്രം ഒരുനാള്‍ വരുംപോലെയോ അല്ലെങ്കില്‍ ഭാര്‍ഗ്ഗവചരിതംപോലെയോ പുറത്തിറങ്ങി പൊട്ടിയിരുന്നെങ്കില്‍ ശ്രീനിവസന്‍ ചിത്രങ്ങളും ഇദ്ദേഹത്തിന്റെ കഴിവുകളും പ്രേക്ഷകര്‍ക്ക് മുന്നില്‍ ചര്‍ച്ചയുടെ വാതായനങ്ങള്‍ തുറന്നിട്ടേനെ. അതിനെ പ്രതിരോധിക്കാന്‍ ഇദ്ദേഹം കണ്ടുപിടിച്ച സുരക്ഷിതമാര്‍ഗ്ഗമാണ് സരോജ്കുമാര്‍. സിനിമയിറങ്ങി രണ്ടുദിവസം കൊണ്ടു തീരേണ്ട കാര്യങ്ങള്‍ ക്യാമറാമാനെക്കൊണ്ടും സുരാജിനെക്കൊണ്ടും ദാ ഇപ്പോള്‍ നിര്‍മ്മാതാവ് വൈശാഖരാജനെക്കൊണ്ടും വലിച്ചു നീട്ടി ചൂടാറാതെ നിര്‍ത്തുന്നത് ശ്രീനിവാസനെക്കൊണ്ട് മാത്രം കഴിയുന്ന കാര്യങ്ങളാണ്. ഉറ്റസുഹൃത്തായ ലാലിനെ കരുവാക്കി ഇത്തരത്തിലുള്ള ബ്ലാക്ക് കോമഡി ശ്രീനിയെടുത്തെങ്കില്‍ അതിന്റെ ഉദ്ദേശ്യം വേറെയൊന്നുമായിരിക്കില്ല. 

മാങ്ങയുള്ള മാവിലല്ലേ ആള്‍ക്കാര്‍ കല്ലെറിയൂ എന്ന് ലാലേട്ടന്റെ പിള്ളേര്‍ പറയും. ശ്രീനിയുടെ കല്ലേറുകൊണ്ട് ഒന്നോരണ്ടോ പച്ചമാങ്ങ മൂട്ടില്‍ വീണാലും പ്രശ്‌നമൊന്നുമില്ല. പക്ഷേ കുറച്ചുകാലമായി ഇന്നുപഴുക്കും നാളെപഴുക്കുമെന്നുപറഞ്ഞ് കെട്ടിപ്പൊതിഞ്ഞു നിര്‍ത്തിയിരുന്ന കാസനോവ മാങ്ങയുംകൂടി ശ്രീനിയുടെ ഈ എറിയില്‍ താഴെ വീണതാണ് സത്യത്തില്‍ ലാല്‍പിള്ളേരെ പ്രകോപിപ്പിച്ചത്. പക്ഷേ എന്തൊക്കെ പറഞ്ഞാലും അത് വീഴാനുള്ള മാങ്ങ തന്നെയായിരുന്നു.

ശ്രീനിവാസന്‍ ഉള്‍പ്പെടുന്ന കഥാ- തിരക്കഥാകൃത്തുക്കള്‍വരെ പ്രേക്ഷകന്റെ മനസ്സില്‍ ഇടംതേടിയിരുന്നത് ഇംഗ്ലീഷും കൊറിയനും ഓസ്‌ട്രേലിയനും ഉള്‍പ്പെടുന്ന ചിത്രങ്ങളിലൂടെയാണെന്ന് തെളിയുമ്പോഴും ആ നഗ്നത മറയ്ക്കാന്‍ ഇപ്പോള്‍ പെടുന്ന പാടും കാണുമ്പോള്‍ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍? 

1 comment:

  1. കൊളളാം സുഹൃത്തെ.....താങ്കളുടെ സൈറ്റിന് എല്ലാ ആശംസകളും നേരുന്നു

    ReplyDelete